തീരദേശത്ത് ദുരിതം തീർത്ത് കള്ളക്കടൽ

കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് ആറാട്ടുപുഴ പെരുമ്പള്ളി ജങ്ഷന് വടക്കുഭാഗത്ത് തീരദേശ റോഡിൽ മണൽ നിറഞ്ഞപ്പോൾ
ആലപ്പുഴ : ശക്തമായ കടലാക്രമണത്തിൽ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ജനജീവിതം ദുരിതപൂർണം. ഞായർ പുലർച്ചെ രണ്ടോടെയാണ് കടലാക്രമണമുണ്ടായത്. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് ദുരിതമേറെ. വലിയഴീക്കൽ – തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും മണ്ണിനടിയിലായത് ഗതാഗതം താറുമാറാക്കി. പെരുമ്പള്ളി ജങ്ഷന് വടക്കുഭാഗത്താണ് മണ്ണ് ഏറെ പ്രയാസം സൃഷ്‌ടിച്ചത്. വാഹനങ്ങൾ മണ്ണിൽ താഴ്‌ന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിലെ മണ്ണ് മാറ്റിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ആറാട്ടുപുഴ എ സി പള്ളി ജങ്ഷൻമുതൽ കാർത്തിക ജങ്ഷൻവരെ പലയിടത്തും റോഡ് മണ്ണിനടിയിലായി.
വട്ടച്ചാൽ, വലിയഴിക്കൽ, അഴീക്കോട് നഗർ, കള്ളിക്കാട് ശിവജി നഗർ, മീശമുക്ക്, എ കെ ജി നഗറിന് തെക്കുഭാഗം, പത്തിശേരിൽ ജങ്ഷൻ, മംഗലം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. തൃക്കുന്നപ്പുഴ 12, 13 വാർഡുകളിലെ ചേലക്കാട് കാട്ടാശേരി ഭാഗം, കിഴക്കത്തുശേരി ഭാഗങ്ങളിലും ദുരിതം വിതച്ചു. ഭാഗികമായി തകർന്നുകിടക്കുന്ന മതുക്കൽ ചേലക്കാട് തീരദേശ റോഡ് മണ്ണിനടിയിലായതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. തീരദേശറോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ട് ഒഴുകിയത് മാറിത്താമസിക്കുന്നവർക്കും പ്രയാസം സൃഷ്‌ടിച്ചു. റോഡിന് പടിഞ്ഞാറുഭാഗത്തും വീട്ടുവളപ്പിലും കടൽവെള്ളം കെട്ടിനിൽക്കുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments