വാച്ച് ദി ഫ്രീക്ക്സ്; ചുവടുകളിലെ വിസ്‌മയം

വാച്ച് ദി ഫ്രീക്ക്സ് നൃത്തസംഘം
സഞ്ജയ് സുരേഷ്
Published on Nov 14, 2026, 12:44 AM | 1 min read
വഞ്ചിയൂർ
എൻജിനിയറിങ് പഠനത്തിന്റെയും ലാബ് തിരക്കുകളുടെയും ഇടവേളകളിൽനിന്ന് ചുവടുകളുടെ വിസ്മയലോകം തീർത്ത് ദേശീയതലത്തിൽവരെ ശ്രദ്ധ നേടുകയാണ് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ നൃത്തസംഘം ‘വാച്ച് ദി ഫ്രീക്ക്സ്’. 2012-ൽ സിഇടിയിലെ നൃത്തപ്രേമികൾ ചേർന്ന് രൂപീകരിച്ച സംഘം 14 വർഷമായി കൃത്യമായ ഓഡിഷനുകളിലൂടെ പുതുതലമുറ വിദ്യാർഥികളിലെ പ്രതിഭകളെ കണ്ടെത്തി കൂടെചേർക്കുന്നു. 25 പേരടങ്ങുന്ന സംഘമാണ് ഓരോ സീസണിലും വേദികളിൽ വിസ്മയം തീർക്കുന്നത്.
ചുവടുകളിലൂടെ കഥപറയും
കേവലം നൃത്തച്ചുവടുകൾക്കപ്പുറം, കൃത്യമായൊരു ആശയത്തെയും കഥയെയും അരങ്ങിലെത്തിച്ചാണ് ‘വാച്ച് ദി ഫ്രീക്ക്സ്' വ്യത്യസ്തമാകുന്നത്. കാണികളെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകകൂടി ചെയ്യുന്ന പ്രമേയങ്ങൾ. ഏറ്റവും ഒടുവിലത്തെ നൃത്താവിഷ്കാരം ‘ദി സിമുലേഷൻ' ഇത്തരത്തിൽ വലിയ കൈയടി നേടി. സ്വന്തം ഇഷ്ടങ്ങൾക്കപ്പുറം, മറ്റെന്തിനൊക്കെയോ വഴങ്ങി ജീവിക്കാൻ വിധിക്കപ്പെട്ട ആധുനിക മനുഷ്യന്റെ അവസ്ഥയാണ് ‘ദി സിമുലേഷൻ' പറയുന്നതെന്ന് സംഘത്തിലെ പ്രധാന നൃത്തസംവിധായകനും പൂർവ വിദ്യാർഥിയുമായ സിദ്ധാർഥ് പറഞ്ഞു. മുൻ നൃത്തസംവിധായകരായ ശ്രീജിത്ത്, റോഷൻ എന്നിവർ തുടങ്ങിവച്ച വേറിട്ട അവതരണശൈലി കൂടുതൽ പുതുമകളോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് നിലവിലെ സംഘം.
കഠിനാധ്വാനത്തിന്റെ വിജയം
ഒരു സീസണിൽ 18 മുതൽ 26 വേദികളിൽവരെ സംഘം മത്സരിക്കും. തിങ്കൾമുതൽ വെള്ളിവരെ ക്ലാസുകൾ കഴിഞ്ഞാൽ വൈകുന്നേരം 4.30 മുതൽ രാത്രി ഒമ്പതുവരെയും ശനി, ഞായർ ദിവസങ്ങളിൽ പകൽ മുഴുവനും നീളുന്ന ചിട്ടയായ പരിശീലനം. "ഇതുവരെയുള്ളതിൽ ഏറ്റവും വലിയ വേദിയായിരുന്നു ‘ഐഡിഎ ഡെസ്റ്റിനി'. ദേശീയ മത്സരത്തിൽ അന്താരാഷ്ട്ര ജഡ്ജുമാർക്കുമുന്നിൽ നൃത്തമാടാനും രണ്ടാം സ്ഥാനം നേടാനുമായത് ടീമിന്റെ അവിസ്മരണീയ നിമിഷമാണ്’– - ടീം അംഗങ്ങൾ പറഞ്ഞു.








0 comments