Deshabhimani

മാലിന്യശേഖരണവും സംസ്‌കരണവും പരാജയം

‘സർവം പാളി’ കോർപറേഷൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം കോർപറേഷൻ ഈഞ്ചക്കലിൽ തള്ളിയ മാലിന്യക്കൂമ്പാരം സിപിഐ എം ജില്ലാ സെക്രട്ടറി ചുമതലയുള്ള എ എ റഹിം, കൗൺസിലർമാർ 
എന്നിവർ സന്ദർശിക്കുന്നു

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം കോർപറേഷൻ ഈഞ്ചക്കലിൽ തള്ളിയ മാലിന്യക്കൂമ്പാരം സിപിഐ എം ജില്ലാ സെക്രട്ടറി ചുമതലയുള്ള എ എ റഹിം, കൗൺസിലർമാർ 
എന്നിവർ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Mar 09, 2026, 12:45 AM | 2 min read

തിരുവനന്തപുരം

ആറ്റുകാൽ പൊങ്കാലയ്‌ക്കുശേഷം മാലിന്യശേഖരണം തകിടംമറിഞ്ഞതിനു പിന്നാലെ കോർപറേഷന്‌ കുരുക്കായി മാലിന്യസംസ്‌കരണവും. കുടിവെള്ളപ്രശ്‌നം, പാർക്കിങ്‌, മാലിന്യനീക്കം തുടങ്ങിയവയിലെല്ലാം പരാജയപ്പെട്ട കോർപറേഷന്‌ മാലിന്യനിർമാർജനത്തിലും പരിഹാരം കാണാൻ കഴിയാതായതോടെ പ്രതിഷേധം രൂക്ഷം. കെഎസ്ആർടിസിയുടെ ഈഞ്ചക്കലിലെ പറമ്പ്, ഐരാണിമുട്ടം എന്നിങ്ങനെ വിവിധയിടങ്ങളിലാണ്‌ മാലിന്യം കൂനകൂടിക്കിടക്കുന്നത്‌. പൊങ്കാലയ്‌ക്കുശേഷം ആറ്റുകാൽ ക്ഷേത്രപരിസരത്തുനിന്ന്‌ മാലിന്യം പൂർണമായും നീക്കാനായിട്ടില്ല. ആസൂത്രണമില്ലായ്‌മയാണ്‌ കാരണം. ദിവസങ്ങൾ പിന്നിട്ടതോടെ മാലിന്യം അഴുകി ദുർഗന്ധമായി. പ്രദേശവാസികൾക്ക്‌ വീടുകളിലിരിക്കാൻപോലും പറ്റുന്നില്ല. ഇ‍ൗച്ചയും കൊതുകുമെല്ലാം കൂടി. വേനൽമഴ പെയ്‌താൽ സാംക്രമികരോഗങ്ങളുൾപ്പെടെ വന്നുചേരുമെന്ന ആശങ്കയുമുണ്ട്‌. മുൻവർഷങ്ങളിൽ പൊങ്കാല കഴിഞ്ഞ്‌ മണിക്കൂറുകൾക്കകം നഗരം ശുചീകരിക്കാൻ കോർപറേഷന്‌ കഴിഞ്ഞിരുന്നു. ഇത്തവണ ജനങ്ങൾക്കാകെ ബുദ്ധിമുട്ടുണ്ടായിട്ടും പല മാധ്യമങ്ങളും കണ്ടില്ലെന്ന്‌ നടിച്ചു. സെക്രട്ടറിയറ്റ്‌ പരസരത്തും മറ്റിടങ്ങളിലും കൃത്രിമമഴ പെയ്യിച്ച്‌ വൃത്തിയാക്കിയത്‌ ആദ്യസംഭവമായി അവതരിപ്പിച്ച്‌ ബിജെപി ഭരണസമിതിയെ വെളുപ്പിക്കാനും ചിലർ ശ്രമിച്ചു. ജലഅതോറിറ്റിയെ പഴിചാരിയെങ്കിലും നഗരത്തിലേക്കുള്ള കുടിവെള്ളം സുഗമമായിത്തന്നെ ലഭിച്ചു. 3,07,500 ലിറ്ററാണ്‌ വിതരണം ചെയ്‌തത്‌. കോർപറേഷൻ അധികമായി 60 ടാങ്കർ സജ്ജീകരിച്ചെന്നാണ്‌ മേയർ അവകാശപ്പെട്ടത്‌. ജലഅതോറിറ്റിയുടെ വിതരണപോയിന്റുകളിൽ കോർപറേഷന്റെ 45 ടാങ്കറുകളാണ്‌ കുടിവെള്ളം നിറയ്‌ക്കാനെത്തിയത്‌. ജല അതോറിറ്റിയും ഫയർഫോഴ്സും ടാങ്കറുകളിൽ വെള്ളമെത്തിച്ചിരുന്നു. പ്രധാന പൈപ്പ്‌ലൈനുകൾ വഴിയുള്ള ജലവിതരണം തടസ്സപ്പെടാതിരിക്കാൻ പ്രത്യേകം സ്‌ക്വാഡുകളെയും നിയമിച്ചിരുന്നു. പരാതിയില്ലാതെ കുടിവെള്ളമെത്തിയെങ്കിലും വിവിധ സംഘങ്ങൾ സ‍ൗജന്യമായി മുന്പ്‌ നൽകിയിരുന്നവിധം പാനീയങ്ങൾ വിശ്വാസികൾക്ക്‌ ലഭിച്ചില്ല. പലരും പണം ഇ‍ൗടാക്കിയെന്നാണ്‌ ആക്ഷേപം. കുടിവെള്ളമെത്തിക്കാനുള്ള ഉത്തരവാദിത്വം ജലഅതോറിറ്റി നിർവഹിച്ചപ്പോഴും മാലിന്യം നീക്കാനോ നിർമാർജനം ചെയ്യാനോ ഉള്ള ഉത്തരവാദിത്വം കോർപറേഷന്‌ നിർവഹിക്കാനായില്ല.


അധികാര ആലസ്യത്തിൽ വിശ്വാസികളോട്‌ അനാദരം: എ എ റഹിം

തിരുവനന്തപുരം

ആറ്റുകാൽ പൊങ്കാലയ്ക്കുശേഷമുള്ള മാലിന്യം നഗരമധ്യത്തിലെ ജനവാസമേഖലകളിൽ തള്ളിയത്‌ അധികാര ആലസ്യത്തിൽ വിശ്വാസികളോട്‌ കാണിച്ച അനാദരമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ചുമതലയുള്ള എ എ റഹിം. കോർപറേഷൻ മാലിന്യം തള്ളിയ ജനവാസമേഖല സന്ദർശിച്ച്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊങ്കാല കഴിഞ്ഞുള്ള മാലിന്യസംസ്‌കരണത്തിന്‌ കോർപറേഷൻ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയില്ല. മേയർക്കും കൂട്ടർക്കും ഡൽഹിയിൽ ടൂർ പോകാനായിരുന്നു താൽപ്പര്യം. മാലിന്യശേഖരണത്തിനും നിർമാർജനത്തിനും ഗൃഹപാഠം ചെയ്‌തെങ്കിൽ മേയർ തുറന്നുപറയണം. എത്ര തൊഴിലാളികളെവച്ച്‌ ശേഖരിക്കുന്നു, ഏതെല്ലാം വിധത്തിലാണ്‌, എവിടെയാണ്‌ മാലിന്യം തള്ളാൻ തീരുമാനിച്ചത്‌, നിർമാർജനം എങ്ങനെയെന്നെല്ലാം മറുപടി പറയേണ്ടിവരും. ജനങ്ങൾ പ്രതികരിച്ചുതുടങ്ങിയതോടെയാണ്‌ ശാസ്‌ത്രീയ വേർതിരിക്കൽപോലും നടത്താതെ പാതിരാത്രിയിൽ വിവിധയിടങ്ങളിൽ മാലിന്യം തള്ളിയത്‌. അലിഞ്ഞുചേരാത്തവ ചിലയിടത്ത്‌ മണ്ണിട്ടുമൂടി. ഇത്‌ വലിയ പാരിസ്ഥിതികാഘാതമുണ്ടാക്കും. അന്നദാന നടത്തിപ്പിന്‌ മുൻകൂട്ടി രജിസ്‌ട്രേഷനോ ഹരിതചട്ട നിർദേശമോ നൽകിയില്ല. സ്വന്തം വീഴ്ചമറയ്ക്കാൻ പാവപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാനാകില്ല. മേയർപദവി പരിഹസിക്കാനുള്ള കസേരയല്ല. ക്രിയാത്മകമായി പ്രവർത്തിക്കേണ്ട ഒന്നാണ്‌. ജനവാസമേഖലയിൽ തള്ളിയ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും റഹിം ആവശ്യപ്പെട്ടു. എസ്‌ പുഷ്‌പലത, എസ്‌ പി ദീപക്‌, ആർ പി ശിവജി, എസ്‌ ജയിൽകുമാർ, എം എസ്‌ കണ്ണൻ, ഷാജിത നാസർ, ആർ ഉണ്ണിക്കൃഷ്‌ണൻ, കെ വിനു എന്നിവരും ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home