print edition സ്‌കൂളിൽ വെടിയുതിർക്കൽ: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്

പട്ടാന്പി : പരുതൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥി കൊണ്ടുവന്ന നാടൻ റിവോൾവറിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി സഹപാഠിക്ക് പരിക്കേറ്റ സംഭവത്തിൽ കുട്ടിയുടെ മാതാവിനെതിരെ തൃത്താല പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി ആയുധം കൈവശംവച്ചതിനാണ് കേസ്.
ആയുധ നിയമപ്രകാരം സെക്ഷൻ മൂന്ന്, സെക്ഷൻ 25(1 ബി-എ)- നിയമപ്രകാരം സാധുവായ ലൈസൻസ് ഇല്ലാതെ ആയുധങ്ങളോ, വെടിക്കോപ്പുകളോ കൈവശംവയ്‌ക്കൽ, ലൈസൻസ് ഇല്ലാതെ ആയുധം കൈവശംവയ്‌ക്കൽ എന്നിവയാണ് ചുമത്തിയത്. രണ്ട് വർഷംമുതൽ അഞ്ച് വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
വരുംദിവസങ്ങളിൽ കുട്ടിയുടെ അമ്മയെ ചോദ്യംചെയ്യുമെന്ന് തൃത്താല പൊലീസ് പറഞ്ഞു. വിദ്യാർഥിയെ ബുധൻ വൈകിട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കി. തോക്കിന്റെ ബാലിസ്റ്റിക്, ഫോറൻസിക് പരിശോധന പൂർത്തിയായി. തോക്കിന്റെ പഴക്കം, നിർമാണം എന്നിവയെക്കുറിച്ചും അന്വേഷിക്കും. ഇതിനിടെ ഡിഇഒ സ്‌കൂൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് കൈമാറി. തോക്ക് കുട്ടിയുടെ മുത്ത-ച്ഛന്റേതാണ് എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
ചൊവ്വ പകൽ 11.45നാണ് സംഭവം. മുതുതല കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് ക്ലാസിൽ തോക്കുമായി വന്നത്. അഞ്ചുമൂല സ്വദേശിക്ക് വലത് തോളിനുതാഴെ കൈക്ക് പരിക്കേറ്റതിനാൽ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. കുട്ടി ഐസിയുവിൽ തുടരുകയാണ്. സ്‌കൂൾ പതിവുപോലെ പ്രവർത്തിച്ചു.








0 comments