Deshabhimani

‘പൊടി’പാറും വിൽപ്പന

d
avatar
എൻ കെ സുജിലേഷ്‌

Published on Nov 26, 2026, 01:00 AM | 1 min read

മലപ്പുറം

പാൽ ബാക്കിയായാൽ എന്തു ചെയ്യും. അതും ആയിരവും പതിനായിരവും ലിറ്ററായാലോ. മിൽമയ്ക്ക്‌ പക്ഷേ ഇപ്പോൾ ആശങ്കയേയില്ല. ബാക്കിവരുന്ന പാൽ പൊടിയായി മാറും. മിൽമയും ഹാപ്പി, ക്ഷീരകർഷകരും ഹാപ്പി. രണ്ടുവർഷമാകുന്പോഴേക്കും എട്ട് ടണ്ണിൽനിന്ന്‌ തുടങ്ങി 58 ടൺവരെയെത്തിയി ഉൽപ്പാദനം. മിൽമ പാൽപ്പൊടി ‘ഡെയറി വൈറ്റ്‌നർ’ ഹിറ്റാണ്‌.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്‌ മിൽമയുടെ അത്യാധുനിക പ്ലാന്റ്‌ മലപ്പുറം മൂർക്കനാട്‌ ആരംഭിച്ചത്‌. നേരത്തേ ആലപ്പുഴയിൽ പാൽപ്പൊടി നിർമാണ യൂണിറ്റ്‌ പ്രവർത്തിച്ചിരുന്നു. വിവിധ തരം ഉൽപ്പന്നങ്ങൾ നിർമിച്ച്‌ വിപണിയിലെത്തിച്ചിട്ടും സംഭരിക്കുന്ന പാൽ ബാക്കി വരുന്നത്‌ മിൽമയ്‌ക്ക്‌ തലവേദനയായതോടെയാണ്‌ ആധുനിക പ്ലാന്റ്‌ എന്ന ആശയമുദിച്ചത്‌. 150 കോടിയോളം രൂപ ചെലവിൽ സജ്ജമാക്കിയ പ്ലാന്റിൽ പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ സംസ്‌കരിച്ച്‌ പൊടിയാക്കാം. നിലവിൽ 24 മണിക്കൂർ നീളുന്ന ഒരു ബാച്ചിൽ അരലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റുന്നുണ്ട്‌. കഴിഞ്ഞ മാസങ്ങളിൽ 35മുതൽ 58 ടൺവരെയാണ്‌ ഉൽപ്പാദനം. 18 ഗ്രാംമുതൽ പത്ത് കിലോഗ്രാംവരെ പാക്കറ്റുകളിലാണ്‌ മിൽമ ഡെയ്റി വൈറ്റ്‌നർ വിപണിയിലെത്തിക്കുന്നത്‌.

പൂർണമായും ഓട്ടോമാറ്റിക്‌ സംവിധാനത്തിലാണ്‌ പ്ലാന്റ്‌. പാൽ പ്ലാന്റിലെത്തുന്നതുമുതലുള്ള ഗുണമേൻമാ പരിശോധന പൊടിയാകുന്നതുവരെ തുടരുന്നു. വിപണിയിലുള്ള മറ്റ്‌ പാൽപ്പൊടികളെ അപേക്ഷിച്ച്‌, നിശ്‌ചിത അളവിൽ പഞ്ചസാര ഒഴികെ ചേരുവകളൊന്നും ചേർക്കുന്നില്ലെന്നതും മിൽമ ഡെയ്‌റി വൈറ്റ്‌നറിനെ വ്യത്യസ്‌തമാക്കുന്നു. അപകടകരമായ ബാക്‌ടീരിയകളെ നശിപ്പിക്കുന്നതിനുള്ള പാസ്‌ചറൈസേഷനും വെള്ളം ഒഴിവാക്കുന്നതിനുള്ള ഇവാക്വേഷനും കടന്നാണ്‌ ഡ്രയറിലേക്ക്‌ എത്തുന്നത്‌. ഉയർന്ന താപനിലയും ഉയർന്ന പ്രഷറും ഉപയോഗപ്പെടുത്തിയുള്ള ഡ്രയറിങ് മെഷീനിൽ സ്‌പ്രേ ചെയ്‌താണ്‌ പൊടിയാക്കിയെടുക്കുന്നത്‌. ഡെയ്റി വൈറ്റ്‌നർ, സ്‌കിമ്മ്‌ഡ്‌ മിൽക്ക്‌ പ‍ൗഡർ, ഹോൾ മിൽക്ക്‌ പ‍ൗഡർ എന്നിവയാണ്‌ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്നത്‌.

​കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉൽപ്പാദിപ്പിക്കുന്ന_ മുഴുവന്‍ പാലും സംഭരിക്കാനും അത് മൂല്യവര്‍ധന ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനും സംവിധാനം ഇവിടെയുണ്ട്. പാല്‍ പൊടിയാക്കുന്നതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതും മൂർക്കനാട്‌ പ്ലാന്റ്‌ സജ്ജമായതോടെ ഒഴിവായി. നിലവിൽ മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ പാലാണ്‌ മൂർക്കനാട്‌ പ്ലാന്റിൽ എത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home