പോസ്‌റ്റുകൾ നീക്കുന്നതിനെതിരെ കോടതിയെ സമീപിക്കും: കെ കെ രാഗേഷ്

കണ്ണൂർ സിപിഐ എം ജില്ലാകമ്മിറ്റിയുടെ ഒൗദ്യോഗിക ഇൻസ്‌റ്റ പേജിലെ പോസ്‌റ്റുകൾ സർക്കാർ നിർദേശ പ്രകാരം നീക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജില്ലാസെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1 ) എ പ്രകാരം അഭിപ്രായം പറയാനും വിമർശിക്കാനുമുള്ള അധികാരമുണ്ട്. ഭരണഘടണ ഉറപ്പുവരുത്തിയ മൗലികാവകാശം നിയന്ത്രിക്കാൻ വി ഡി സതീശന് അധികാരമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി പൊലീസിനെ ദുരുപയോഗിക്കുന്നു. വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം ഭീരുവിനെപ്പോലെ മെറ്റയിൽ സ്വധീനം ചെലുത്തുകയാണ് സതീശൻ ചെയ്യുന്നത്. ഇതിനേക്കാളും വലിയ വിമർശനങ്ങൾ ബിജെപി അവരുടെ സമൂഹമാധ്യമങ്ങളിൽ നടത്തുന്നുണ്ട്. എന്നാൽ, അതിനെ സ്വാധീനമുപയോഗിച്ച് നീക്കാൻ സതീശൻ തയ്യാറാകുന്നില്ലെന്നും രാഗേഷ് പറഞ്ഞു. കോടതിയുടേത് ആത്മനിഷ്‌ഠമായ നിലപാട് ധനരാജ് വധക്കേസിൽ കോടതി ആത്മനിഷ്‌ഠമായ നിലപാടെടുത്തതിനാലാണ് കൂടുതൽ പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയതെന്നും കെ കെ രാഗേഷ് പറഞ്ഞു. ഒന്നാം സാക്ഷി തിരിച്ചറിഞ്ഞ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു. ഏത് നിയമ വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് കോടതി ഇത്തരം നിലപാടെടുത്തത്. ഇക്കാര്യത്തിൽ കടുത്ത വിമർശനം ഞങ്ങൾക്കുണ്ട്. കോടതി ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസിക്കാതിരിക്കാൻ ഒറ്റക്കാരണമേ കാണുന്നുള്ളൂ. അദ്ദേഹം സിപിഐ എമ്മിന്റെ ബ്രാഞ്ചുസെക്രട്ടറിയായതാണ്. ഇന്ത്യൻ തെളിവുനിയമത്തിൽ എവിടെയെങ്കിലും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാർ സാക്ഷിയാകാൻ പാടില്ലായെന്ന് പറഞ്ഞിട്ടുണ്ടോ?. വസ്‌തുനിഷ്‌ഠമായ കാര്യങ്ങൾ കോടതി കണ്ടില്ല. ഗുരുതരമായ പിഴവ് ഇക്കാര്യത്തിൽ വിചാരണക്കോടതിക്ക് സംഭവിച്ചിട്ടുണ്ട്. അതുകണക്കിലെടുത്ത് പ്രൊസിക്യൂഷൻ അടിയന്തരമായി അപ്പീൽ നൽകണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.







0 comments