പരിമിതികളുടെ കിടക്കയിൽ നിലമ്പൂർ ജില്ലാ ആശുപത്രി

എം സനോജ്
Published on Nov 26, 2026, 12:53 AM | 1 min read
നിലമ്പൂർ
അംഗീകരിച്ച കിടക്കകളുടെ ഇരട്ടിയിലധികം രോഗികൾ, പ്രധാന വിഭാഗങ്ങളിൽ ഡോക്ടർമാരുടെ ഒഴിവ്, സമയത്ത് തുടങ്ങാത്ത ഒപി, ഉദ്ഘാടനം കഴിഞ്ഞിട്ടും പൂര്‍ണമായും പ്രവർത്തിക്കാത്ത മാതൃശിശു ബ്ലോക്ക്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ പരിമിതികൾ രോഗികൾക്ക് ദുരിതമാകുന്നു. മലയോര മേഖലയിലെ ആദിവാസികളടക്കം ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രിയിൽ അടിസ്ഥാന സൗകര്യ വികസനവും ജീവനക്കാരുടെ നിയമനവും ഇനിയും പൂർത്തിയായിട്ടില്ല. 1936ൽ മലേറിയ ആശുപത്രിയായി പ്രവർത്തനം ആരംഭിച്ച ജില്ലാ ആശുപത്രിയിൽ സർക്കാർ അംഗീകരിച്ച 142 കിടക്കകൾക്ക് പകരം നിലവിൽ 306 രോഗികളാണ് കിടത്തി ചികിത്സയിൽ കഴിയുന്നത്. അംഗീകരിച്ച എണ്ണത്തേക്കാൾ 164 രോഗികൾ അധികം. ആകെ 36 സ്റ്റാഫ് ഡോക്ടർമാരും 41 നഴ്സിങ് ജീവനക്കാരുമുള്ള ആശുപത്രിയിൽ ഒന്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുണ്ട്. ജനറൽ മെഡിസിൻ, അനസ്തേഷ്യ, ഗൈനക്കോളജി വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാരുടെ ഒഴിവ് തുടരുകയാണ്.
ഒപി ഒമ്പതിനുശേഷം
രാവിലെ എട്ടുമുതൽ ഒന്നുവരെ ഒപി സേവനം ലഭിക്കേണ്ടതാണെങ്കിലും പല ഡോക്ടർമാരും കൃത്യസമയത്ത് എത്തുന്നില്ലെന്ന് പരാതി. ഒപി ആരംഭിക്കുന്നത് ഒന്പതിനുശേഷമാകുന്നതോടെ ദൂരപ്രദേശങ്ങളിലുള്ള ആദിവാസി ഊരുകളിൽനിന്നുൾപ്പെടെ എത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു.
മാതൃ ശിശു ബ്ലോക്ക് പ്രവർത്തനസജ്ജമായില്ല
മാതൃ ശിശു ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞിട്ടും പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ല. 100 കിടക്കകൾ അനുവദിച്ച ബ്ലോക്കിൽ അഡ്മിഷൻ സംവിധാനവും കിടത്തി ചികിത്സയും ആരംഭിച്ചിട്ടില്ല. ഒപി കൗണ്ടറും ഓഫീസ് സംവിധാനങ്ങളും പ്രവർത്തനക്ഷമമായില്ല.
നെഫ്രോളജിസ്റ്റില്ല
80ലധികം വൃക്കരോഗികൾ ചികിത്സതേടുന്ന ആശുപത്രിയിൽ നെഫ്രോളജി സ്‌പെഷ്യലിസ്റ്റില്ല. ദിവസേന 40 രോഗികൾ ഡയാലിസിസ് നടത്തുന്ന ആശുപത്രിയിൽ 14 ഡയാലിസിസ് മെഷീനുണ്ട്. ഡയാലിസിസ് സേവനത്തിനും സ്‌പെഷ്യലിസ്റ്റിന്റെ അഭാവം വലിയ പോരായ്‌മയാണ്.
9.38 കോടിയുടെ പദ്ധതി അനിശ്ചിതത്വത്തിൽ
ജില്ലാ ആശുപത്രിക്കുസമീപത്തെ ഗവ. യുപി സ്‌കൂളിന്റെ 33 സെന്റ് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിക്കാൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 9.38 കോടി രൂപ കിഫ്ബിവഴി അനുവദിച്ചിരുന്നു. കിഫ്ബി നിർത്തലാക്കുന്നതോടെ പദ്ധതിയും അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയുണ്ട്. കാർഡിയോളജി വിഭാഗത്തിന് അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. രണ്ട് പദ്ധതികള്‍ക്കും ഇതുവരെ കാര്യമായ പുരോഗതിയില്ല.









0 comments