വികസനം എത്തിനോക്കാതെ വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ

കുണ്ടും കുഴിയുമായി കിടക്കുന്ന വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ
കോവളം
വികസനം എത്തിനോക്കാതെ വിഴിഞ്ഞം കെഎസ് ആർടിസി ഡിപ്പോയിൽ ഓഫീസ് മന്ദിരമടക്കം ഏത് സമയവും നിലംപൊത്താവുന്ന നിലയിൽ. തീരപ്രദേശത്തെ പ്രധാന ഡിപ്പോയായ ഇവിടെ യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ കാത്തുനിൽക്കുന്നതിനുള്ള സൗകര്യവുമില്ല. ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും ഗ്യാരേജും തുടങ്ങി ഡിപ്പോയ്ക്കുള്ളിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ അവസ്ഥയിലാണ്. പലയിടത്തും മഴവെള്ളം കെട്ടിനിൽക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഈ കുഴിയിൽ വീണ് വനിതാ കണ്ടക്ടറുടെ കാലൊടിഞ്ഞു. വെങ്ങാനൂർ സ്വദേശി എസ് സിന്ധുവിനാണ് (49) പരിക്കേറ്റത്. ജീവനക്കാർക്കും യാത്രക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യംപോലുമില്ല. രാത്രിയായാൽ ഗ്യാരേജ് ഇരുട്ടിലാകും. വെയിറ്റിങ് ഷെഡും വനിതകളുടെ വിശ്രമമുറിയും പരിതാപകരമായ നിലയിൽ. മഴക്കാലമായിട്ടും ഡിപ്പോയിലെ കുഴികൾ മൂടാനോ ടാർ ചെയ്യാനോ അധികൃതർ തയ്യാറായിട്ടില്ല. പ്രവേശന കവാടംമുതൽ ഉള്ളിലാകെ കുഴികളാണ്. ഇവയിലൂടെ ബസ് കയറിയിറങ്ങുമ്പോൾ യാത്രക്കാർക്ക് നടുവേദനയടക്കമുള്ള പ്രശ്നങ്ങളുണ്ടാകുന്നു. യൂണിയൻ നേതാവുകൂടിയായ എംഎൽഎ എം വിൻസന്റ് തിരിഞ്ഞുനോക്കുന്നില്ല. പത്ത് വർഷമായി എംഎൽഎയായ ഇദ്ദേഹം ഡിപ്പോയുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. മന്ത്രിയായിരുന്ന ഗണേഷ് കുമാർ നിയമസഭയിൽത്തന്നെ ഇക്കാര്യം പരാമർശിച്ചിരുന്നു. എൽഡിഎഫ് സർക്കാർ ഡിപ്പോയുടെ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തുടർനടപടികൾ വേഗത്തിലാക്കാനും എംഎൽഎ ഇടപെ ട്ടില്ല.










0 comments