ad
Deshabhimani

വിഴിഞ്ഞം സമ്പൂർണ എക്സിം: ആദ്യ കയറ്റുമതി സ്പെയിനിലേക്ക്‌ പുറപ്പെട്ടു

Vizhinjam Fully Operational

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ എക്‌സിം 
പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ സ്പെയിനിലേക്ക്‌ പോകുന്ന കണ്ടെയ്‌നറുകൾ

വെബ് ഡെസ്ക്

Published on Sep 02, 2026, 12:00 AM | 1 min read

തിരുവനന്തപുരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ എക്‌സിം (കയറ്റുമതി-–ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച്‌ ആദ്യത്തെ കയറ്റുമതി കണ്ടെയ്‌നറുകളുമായി എം‌എസ്‌സി ബെറിൽ കപ്പൽ സ്പെയിനിലെ വലൻസിയയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച തുറമുഖത്ത് ബെർത്ത് ചെയ്ത കപ്പൽ തിങ്കൾ രാത്രി 11നാണ്‌ യാത്രതിരിച്ചത്‌. എം‌എസ്‌സിയുടെ ഹിമാലയ സർവീസിന്റെ ഭാഗമായ കപ്പൽ കാലാവസ്ഥ അനുകൂലമെങ്കിൽ ഏകദേശം 20 ദിവസത്തിനകം വലൻസിയയിൽ നങ്കൂരമിടും. കൊച്ചിയിൽനിന്നെത്തിച്ച ആറ്‌ കണ്ടെയ്‌നറും കരമാർഗമായി തുറമുഖത്ത് എത്തിച്ച രണ്ട്‌ കണ്ടെയ്‌നറും ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ എട്ട്‌ കയറ്റുമതി കണ്ടെയ്‌നറുകളാണുള്ളത്. എക്‌സിം പ്രവർത്തനങ്ങൾ സജീവമായതോടെ തുറമുഖത്തുനിന്ന് കൂടുതൽ കാർഗോ ലോഡിങ്‌ സർവീസുകൾ തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. തമിഴ്‌നാട്, കർണാടകം തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ എക്‌സിം കാർഗോ കയറ്റിറക്കുമതി സംബന്ധിച്ച് സജീവമായ അന്വേഷണങ്ങൾ നടക്കുന്നുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിൽ നൂറോളം കണ്ടെയ്‌നറുകൾ വൈകാതെ തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാന്‍ഷിപ്‌മെന്റ് തുറമുഖത്തില്‍നിന്ന്‌ സമ്പൂർണ എക്‌സിം കവാടമായി വിഴിഞ്ഞം മാറുന്നത് ദക്ഷിണേന്ത്യയിലെ വ്യവസായ- ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയതോതിൽ ഉണർവ് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. കൊളംബോ, സിംഗപ്പുർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി ചരക്ക് കയറ്റി അയച്ചിരുന്നവർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ അയക്കാം. ഇത് യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്സ് ചെലവുകളിൽ വലിയ കുറവ് വരുത്താനും സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home