കേരള സര്‍വകലാശാലയിലും വന്ദേമാതരം

സ്വന്തം ലേഖകൻ
Published on Sep 02, 2026, 01:05 AM | 1 min read
തിരുവനന്തപുരം : കേരള സര്‍വകലാശാല സംഘടിപ്പിച്ച കായിക ദിനാ ഘോഷ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനം ചെയ്‌ത പരിപാടിയിൽ മന്ത്രിമാരായ റോജി എം ജോണും ഒ ജെ ജനീഷും പങ്കെടുത്തു.
‘ഏക് ഘണ്ഠാ ഖേൽ കെ മൈദാൻ മേം' എന്നപേരിൽ സെനറ്റ് ഹൗസ് കാമ്പസിലെ ഇൻഡോർ ബാസ്‌കറ്റ്ബോൾ കോർട്ടിലായിരുന്നു പരിപാടി. ലോക്‌ഭവന്റെ പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആലാപനമെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.
എന്നാൽ, പരിപാടിയുടെ സംഘാടനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിരുന്നു. ഗവർണറെ വേദിയിലേക്ക് സ്വീകരിക്കാൻ വിസി അടക്കം ആരും ഉണ്ടായില്ല. ഫിനാൻസ് ഓഫീസർ മാത്രമാണ് സ്ഥലത്തുണ്ടായത്. ചാൻസലർ എത്തുംമുന്പ് മറ്റെല്ലാവരും വേദിയിൽ എത്തണമെന്നാണ് പ്രോട്ടോകോൾ നിർദേശം. യുഡിഎഫ് സർക്കാർ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചശേഷമുള്ള ആദ്യപരിപാടിയായിരുന്നു ഇത്. ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ ആറുപേരും പരിപാടി ബഹിഷ്‌കരിച്ചു.
പരിപാടിയുടെ ആലോചനായോഗങ്ങൾ എൽഡിഎഫ് അംഗങ്ങളെ അറിയിക്കാതെ വിസിയുടെ ഓഫീസിൽമാത്രം കേന്ദ്രീകരിച്ചത് സംഘപരിവാർ അജണ്ട നടപ്പാക്കാനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്‌കരണം.










0 comments