സുഗതൻ ജയിലിൽത്തന്നെ
കൗൺസിലറില്ലാതെ വാഴോട്ടുകോണം

തിരുവനന്തപുരം
മാസങ്ങളായി കൗൺസിലറുടെ സേവനം ലഭിക്കാതെ തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡിലെ ജനത. ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജെപി നേതാവ് ആർ സുഗതനാണ് ഇവിടെ വിജയിച്ചത്. മൂന്ന് കാപ്പാക്കേസ്, നാലുവധശ്രമം ഉൾപ്പെടെ 19 കേസിൽ പ്രതിയായ സുഗതൻ ആറുമാസത്തിൽ പകുതിയും ഒളിവിലായിരുന്നു. വധശ്രമക്കേസിൽ ഒളിവിൽകഴിയവേയാണ് കാപ്പാക്കേസിൽ അറസ്റ്റ് ചെയ്‌ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. രണ്ടുമാസം പൂർണമായി കൗൺസിലറെ കാണാൻ വാഴോട്ടുകോണത്തുകാർക്ക് കഴിഞ്ഞിട്ടില്ല. കൗൺസിലറിൽനിന്ന് ലഭിക്കേണ്ട ഒരു സഹായവും നാട്ടുകാർക്ക് ലഭിക്കുന്നുമില്ല. കാപ്പാക്കേസിലെ തടവ് കാലാവധി ഒരു വർഷമാണ്. ഇതിനിടയിൽ ജാമ്യം ലഭിച്ചാലും സുഗതന് ജില്ലയിൽ കടക്കാനാകില്ല. സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയും ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. 19 പേർ വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തു. ജയിലിൽകഴിയുന്ന സുഗതനുമാത്രം ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. കോടതിപറഞ്ഞ നാലാഴ്ചത്തെ കാലാവധി അവസാനിക്കാറുമായി. ഒരു കൗൺസിലിൽകൂടി പങ്കെടുത്തില്ലെങ്കിൽ സുഗതൻ അയോഗ്യനാകും. കോടതിവിധി നടപ്പാക്കിയില്ലെങ്കിൽ അടുത്ത കൗൺസിലിനുമുന്പേതന്നെ അയോഗ്യനാകും. കൗൺസിലറായശേഷവും സുഗതൻ രണ്ടുവധശ്രമക്കേസിൽ പ്രതിയായതോടെയാണ് വീണ്ടും കാപ്പ ചുമത്തിയത്. വട്ടിയൂർക്കാവ്, നെടുമങ്ങാട് സ്‌റ്റേഷനുകളിലാണ് ഇയാൾക്ക് കേസുകൾ നിലവിലുള്ളത്. വട്ടിയൂർക്കാവ് സ്റ്റേഷനിൽമാത്രം രണ്ട് വധശ്രമമടക്കം ഏഴുകേസിൽ പ്രതിയാണ് സുഗതൻ. 2014 മുതൽ വട്ടിയൂർക്കാവ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ടു. 2025ൽ സ്റ്റേഷൻ പരിധിവിട്ടുപോകാൻപാടില്ലെന്ന് ഉത്തരവും പൊലീസ് നൽകിയിരുന്നു. ഇതിനുശേഷമാണ് ബിജെപി ഇയാളെ കോർപറേഷനിലേക്ക് മത്സരിപ്പിച്ചത്.











0 comments