വറ്റ മീൻ കഴിച്ച് ദേഹാസ്വാസ്ഥ്യം: ചികിത്സയിലിരുന്നയാൾ മരിച്ചു

വർക്കല
വറ്റ മീൻ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽവീട്ടിൽ സുധീറാണ് (40) മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് ആശുപത്രിയിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. മത്സ്യത്തൊഴിലാളിയാണ് മരിച്ച സുധീർ. സുധീറിന്റെ ബോട്ടിൽ മീൻ ലഭിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോട്ടിൽ ലഭിച്ച 25 കിലോ വറ്റ മീൻ വാങ്ങി. അതിൽ കുറച്ച് സുധീറും കുടുംബവും കഴിച്ചിരുന്നു. 28ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ബുധൻ രാവിലെ 9.30ഓടെ മരിച്ചു. ഭാര്യ: ഷംഷീന. മക്കള്‍: മുഹമ്മദ് സൈഫാന്‍, സിയാന ഫാത്തിമ, മുഹമ്മദ് സിനാന്‍.
വില്ലനായത് മീനിന്റെ മുട്ടയോ രാസവസ്തുക്കളോ?
വർക്കല വറ്റ മീനിന്റെ മുട്ടയുംമറ്റുമൊക്കെ പാകംചെയ്ത് കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമികനിഗമനം. 26 മുതൽ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മീൻ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയിൽനിന്ന് മീൻ വാങ്ങി ഉപയോഗിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ജാഗ്രത പാലിക്കണമെന്ന് വർക്കല നഗരസഭ നിർദേശം പുറത്തിറക്കിയിരുന്നു. വറ്റ മീൻ വൻതോതിൽ ശേഖരിച്ചവർ മീൻ കേടാകാതെ ഇരിക്കാൻ രാസവസ്തുക്കൾ ചേർത്താണോ വിൽപ്പന നടത്തിയതെന്നും സംശയമുണ്ട്. മാർക്കറ്റുകളിൽ വറ്റ മീൻ 20 മുതൽ 25 കിലോവരെ ഭാരം വരുന്നവയാണ് വിൽപ്പനയ്ക്ക് എത്തിച്ചത്. ഇറച്ചി വിൽക്കുന്നവരുടെ അടുത്തെത്തിച്ച് മുറിച്ചാണ് പലരും മീൻ ഉപയോഗിച്ചത്. സുധീറും അങ്ങനെയാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇറച്ചിയും മീനുമൊക്കെ ഒരുമിച്ച് മുറിച്ച് വൃത്തിയാക്കുമ്പോൾ രക്തം കലരുന്നത് അലർജിക്ക് ഇടയാക്കുമെന്നുള്ള കാര്യവും ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു. കൊച്ചിയിലെ കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനത്തിൽ വിപണിയിലെത്തിയ മീനിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരാനിരിക്കെയാണ് സുധീറിന്റെ മരണം. സുധീറിന്റെ ബന്ധുക്കൾക്കും അലർജിയും ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടിരുന്നു. ബന്ധുവായ മുഹമ്മദ് ഹാഷിമിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.









0 comments