print edition വെെജ്ഞാനിക സദസ്സിന്റെ ഫണ്ട് വെട്ടൽ; സിറ്റിങ് ഫീസ് കൂട്ടാൻ വിസിക്ക് സാമ്പത്തിക പ്രതിസന്ധി തടസ്സമല്ല

കോട്ടയം : എംജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിക്കുന്ന വി സി ഹാരിസ് വൈജ്ഞാനിക സദസ്സിന്റെ ഫണ്ട് തടഞ്ഞത് സാന്പത്തികപ്രതിസന്ധി മൂലമാണെന്ന വൈസ് ചാൻസലറുടെ വാദം കള്ളം. ചെലവ് ചുരുക്കണമെന്ന സർക്കാർ നിർദേശമുള്ളതിനാലാണ് ദ്വിദിന അക്കാദമിക് സെമിനാറിന് ഫണ്ട് നൽകാത്തതെന്നാണ് വൈസ്‌ചാൻസലർ ഡോ. ഡി മാവൂതിന്റെ വിശദീകരണം.
ഇതേ വൈസ്‌ചാൻസലറും യുഡിഎഫ് സിൻഡിക്കറ്റ് അംഗങ്ങളും ചേർന്നാണ് സെപ്‌തംബറിൽ സിൻഡിക്കറ്റ് അംഗങ്ങളുടെ സിറ്റിങ് ഫീസ് മൂന്നിരട്ടിയായി വർധിപ്പിച്ചത്. ഒരു സിറ്റിങ്ങിന് 1000 രൂപയായിരുന്നത് മൂവായിരം രൂപയാക്കി. സിൻഡിക്കറ്റ് യോഗവും സബ് കമ്മിറ്റി യോഗങ്ങളും ചേരാനുള്ള ചെലവ് മൂന്നിരട്ടിയായാണ് ഉയർന്നത്.
ഇത്തരം കാര്യങ്ങളിൽ ഇല്ലാത്ത സാന്പത്തിക പ്രതിസന്ധി അക്കാദമിക് സെമിനാർ നടത്താൻ എങ്ങനെ വന്നുവെന്നാണ് സർവകലാശാലയിലെ അധ്യാപകർ ചോദിക്കുന്നത്. 2018മുതൽ തുടർച്ചയായി നടക്കുന്ന പരിപാടിക്കാണ് ഇത്തവണ ഫണ്ട് തടഞ്ഞത്. ബജറ്റിൽ നീക്കിവച്ച തുകയിൽനിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിക്ക് കത്ത് നൽകിയത്. പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കും യാത്രാ ടിക്കറ്റിനും ഇതിനകം പണം ചെലവായെന്നും ഇത് തങ്ങൾ നൽകേണ്ട അവസ്ഥയാണെന്നും സംഘാടകർ പറഞ്ഞു.









0 comments