വർക്കായി വർക്കല മോഡൽ

സുധീർ വർക്കല
Published on Mar 01, 2026, 12:05 AM | 1 min read
വർക്കല
യുഎൻ തെരഞ്ഞെടുത്ത ലോകത്തെ 20 സീറോ വേസ്റ്റ് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി വർക്കലയും. ഐക്യരാഷ്ട്രസംഘടനയുടെ ആഗോള ‘സീറോ വേസ്റ്റ് സിറ്റി’ പട്ടികയിൽ കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് വർക്കല നഗരസഭ മാതൃകയായി. ഐക്യരാഷ്ട്രസംഘടനയുടെ യുഎൻ ഹാബിറ്റാറ്റും യുഎൻഇപിയും ചേർന്നാണ് ലോകത്തിലെ 20 നഗരങ്ങളെ "സീറോ വേസ്റ്റ് സിറ്റി' പട്ടിക തയ്യാറാക്കിയത്. ഏഷ്യയിൽനിന്ന് തെരഞ്ഞെടുത്ത നഗരങ്ങളിലൊന്നാണ് വർക്കല. പുനരുപയോഗം സാധ്യമായവ റീസൈക്കിൾ ചെയ്യുകയും പുനരുപയോഗം സാധ്യമല്ലാത്തവമാത്രം സംസ്കരിക്കുകയും ചെയ്യുന്നതാണ് രീതി. ഹരിതകർമസേനയുടെ സേവനവും ജനങ്ങളുടെ സഹകരണവും സീറോ വേസ്റ്റ് മാതൃകയുടെ ശക്തിയാണ്. സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന നഗരസഭകളിലൊന്നായ വർക്കലയുടെ സമഗ്ര മാലിന്യസംസ്കരണസംവിധാനം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഈ നേട്ടം കേരളത്തിന്റെ ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനത്തിനുള്ള ആഗോള അംഗീകാരമാണെന്ന് നഗരസഭാ അധ്യക്ഷ ഗീത ഹേമചന്ദ്രൻ പറഞ്ഞു. വർക്കല നഗരസഭയ്ക്ക് ശുചിത്വത്തിൽ ദേശീയതലത്തിൽ 157-–-ാം റാങ്കായിരുന്നു. 50,000ൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കിടയിൽ ശുചിത്വരംഗത്തും ശാസ്ത്രീയ മാലിന്യസംസ്‌കരണ സംവിധാനങ്ങളിലുമുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അംഗീകാരം. ഹരിതകർമസേനയുടെ നേതൃത്വത്തിൽ വാതിൽപ്പടി മാലിന്യശേഖരണം, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും നടന്നുവരുന്നു.










0 comments