ഉലയാതെ വാമനപുരം

തിരുവനന്തപുരം: സ്വാതന്ത്ര്യസമര പോരാട്ടചരിത്രവും തനത് കല–സാംസ്കാരിക പാരമ്പര്യവുമുള്ള വാമനപുരം കഴിഞ്ഞ 49 വർഷമായി ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ്. 1977ൽ കല്ലറ വാസുദേവൻപിള്ളയിൽ തുടങ്ങി നിയമസഭാ മണ്ഡലം എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് ജയിച്ചത് 1965ലും ’70ലും മാത്രം.വാസുദേവൻപിള്ളയ്ക്കുശേഷം കോലിയക്കോട് കൃഷ്ണൻനായരും പിരപ്പൻകോട് മുരളിയും ജെ അരുന്ധതിയും അവസാനം ഡി കെ മുരളിയും മണ്ഡലത്തിന്റെ സാരഥികളായി.
2021ൽ 10,242 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡി കെ മുരളി കോൺഗ്രസിന്റെ ആനാട് ജയനെ പരാജയപ്പെടുത്തിയത്. 2016ലെ കന്നിയങ്കത്തിൽ മുരളി കോൺഗ്രസിന്റെ ശരത്ചന്ദ്രപ്രസാദിനെ തോൽപ്പിച്ചു. ഭൂരിപക്ഷം 9596. ഒന്പതു പഞ്ചായത്തുകളിൽ എൽഡിഎഫ് നാല്, യുഡിഎഫ് അഞ്ച്. 2016ൽ മണ്ഡലത്തിലെ 1,96,344 വോട്ടർമാരിൽ 1,41,393 പേർ (71.46 ശതമാനം) വോട്ട് ചെയ്തു. 2021ൽ ആകെ വോട്ടർമാർ 1,99,992. വോട്ട് ചെയ്തവർ 1,40,314 (70.90%). തീവ്ര വോട്ടർപ്പട്ടിക പുനഃപരിശോധന (എസ്ഐആർ)യിൽ 12,874 വോട്ടർമാർ പുറത്തായി. നിലവിൽ ആകെ വോട്ടർമാർ 1,87,118. 87,908 പുരുഷന്മാർ, 99,208 സ്ത്രീകൾ, രണ്ട് ട്രാൻസ്ജെൻഡർമാർ.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മണ്ഡലത്തിൽ 2000 കോടിയുടെ വികസനം നടപ്പാക്കി. ഗതാഗതക്കുരുക്കിന് പരിഹാരമായി വെഞ്ഞാറമൂട് ജങ്ഷനിൽ മേൽപ്പാലം നിർമാണം ആരംഭിച്ചു. 11 സ്പാനുകളിൽ 337 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള മേൽപ്പാലത്തിന്റെ നിർമാണം ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് സൊസൈറ്റി രണ്ടുവർഷത്തിൽ പൂർത്തിയാക്കും. എല്ലാവർക്കും കുടിവെള്ളം, പാർപ്പിടം, പട്ടയം, അർഹർക്ക് പെൻഷൻ. കുടുംബാരോഗ്യകേന്ദ്രങ്ങൾക്കും സ്കൂളുകൾക്കും പുതിയ കെട്ടിടം, മുതുവിള–-ചെല്ലഞ്ചി–- കുടവനാട്–-നന്ദിയോട് റോഡ്, വെഞ്ഞാറമൂട് റിങ് റോഡ്, വാമനപുരം–ചിറ്റാർ റോഡ്, പൊന്മുടി റോഡ്, ചെല്ലഞ്ചി, ചിപ്പൻചിറ, മീൻമൂട് പാലങ്ങൾ, ഭരതന്നൂർ സ്റ്റേഡിയം, വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ കെട്ടിടം.. വികസനപ്പട്ടിക നീളുന്നു.










0 comments