തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു

വർക്കല പാപനാശം തീരത്ത് ശക്തമായ തിരയിൽപ്പെട്ട് അഡ്വഞ്ചർ സ്പോർട്സിന്റെ വള്ളം മറിഞ്ഞപ്പോൾ
വർക്കല
ശക്തമായ തിരയിൽപ്പെട്ട് വള്ളം അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. വ്യാഴം പകൽ 12.30ന് പാപനാശം ബീച്ചിലാണ് സംഭവം. കടൽക്ഷോഭം ശക്തമാണെന്ന ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് വാട്ടർ സ്പോർട്സ് നടത്തിപ്പുകാർ സഞ്ചാരികളെയും കയറ്റി വള്ളം കടലിൽ ഇറക്കുകയായിരുന്നു. കരയിൽനിന്നും ഏകദേശം 150 മീറ്റർ ഉള്ളിൽ എൻജിന്റെ പ്രവർത്തനം നിലച്ചതും പെട്ടെന്നുണ്ടായ തിരമാലകളുമാണ് അപകടത്തിന് കാരണം. 8 സഞ്ചാരികളും ജീവനക്കാരനുമുണ്ടായിരുന്നു. കരയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞ് സഞ്ചാരികളെല്ലാം കടലിൽ മുങ്ങിത്താഴ്‌ന്നു. ലൈഫ് ഗാർഡുകളും മറ്റ് സഞ്ചാരികളും ചേർന്ന് ഇവരെ സുരക്ഷിതമായി കരയിലെത്തിച്ചു. ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ഇടപെട്ട് അഡ്വഞ്ചർ സ്പോർട്ട്സിന്റെ പ്രവർത്തനം നിർത്തിവയ്‌പിച്ചു. വെള്ളി രാവിലെയോടെ വീണ്ടും അഡ്വഞ്ചർ സ്പോർട്സിന്റെ നടത്തിപ്പുകാർ സഞ്ചാരികളെയും കയറ്റി കടലിലേക്കുള്ള യാത്ര ആരംഭിക്കാൻ ശ്രമിക്കവേ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ഇടപെട്ട് കർശന നിരോധനം ഏർപ്പെടുത്തി.









0 comments