വൃത്തിഹീനം; വർക്കലയിൽ ഹോട്ടൽ പൂട്ടിച്ചു

സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്‌തുക്കൾ കണ്ടെടുത്തപ്പോൾ
വർക്കല
നഗരമധ്യത്തിലുള്ള സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടലിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും വൃത്തിഹീനമായ ചുറ്റുപാടും കണ്ടെത്തിയതിനെ തുടർന്ന് പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയെ തുടർന്നാണ് ചൊവ്വ പകൽ 11ന് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഭക്ഷണപാനീയങ്ങളിൽനിന്നും ഉഴുന്നിൽനിന്നും വണ്ടും പുഴുവും സ്റ്റോർ റൂമിൽനിന്ന് പാറ്റയേയും മറ്റ് ജീവികളെയും കണ്ടെത്തി. തിങ്കളാഴ്ച ചായ കുടിക്കാനെത്തിയയാൾ ഗ്ലാസിൽ സോപ്പ് പൊടിയും സ്‌ക്രബ്ബറിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതോടെ നഗരസഭയിൽ അറിയിക്കുകയായിരുന്നു. ചായ കുടിച്ച വർക്കല സ്വദേശി മൻസൂറിന് വയറിളക്കവും ഛർദിയുമുണ്ടായി. നഗരസഭ ഉദ്യോഗസ്ഥരെത്തി അടപ്പിച്ചെങ്കിലും ചൊവ്വ രാവിലെയോടെ വീണ്ടും തുറന്ന് പ്രവർത്തിച്ചു. വിനോദസഞ്ചാരികളും തീർഥാടകരുമടക്കം നിരവധി പേർ ദിവസവും ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലിൽ നല്ല ഭക്ഷണമല്ലെന്നും അമിതവിലയാണെന്നും മുന്പേ പരാതിയുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മലിനജലം പുറത്തേക്ക് ഒഴുക്കുന്നത് കണ്ട് നഗരസഭ നോട്ടീസ് നൽകിയെങ്കിലും ഹോട്ടലുടമ ചെവിക്കൊണ്ടില്ല. സമാന സംഭവം മുമ്പും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഹോട്ടലിനെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും നല്ല ഭക്ഷണം നൽകിയാൽ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.











0 comments