വ്യാപാരി വ്യവസായി ഏകോപന സമിതി
യൂണിറ്റ് പ്രസിഡന്റ് 80 ലക്ഷം തട്ടിയെന്ന്


സ്വന്തം ലേഖകൻ
Published on Nov 02, 2026, 12:00 AM | 1 min read
വിളപ്പിൽ
വ്യാപാരി വ്യവസായ ഏകോപന സമിതി പേയാട് യൂണിറ്റിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് പരാതി. 25 ലക്ഷത്തിന്റെ ക്രമക്കേടെന്നാണ് ആരോപണമെങ്കിലും 80 ലക്ഷത്തിലേറെ തട്ടിപ്പ് നടന്നെന്നാണ് വിവരം. തുണിക്കട ഉടമയായ ട്രഷറർ തമിഴ്നാട്ടിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ അത്യാവശ്യ കാര്യങ്ങൾക്ക് പ്രസിഡന്റിന്റെ കൈയിൽ ചെക്ക് ഒപ്പിട്ട് കൊടുത്തിരുന്നു. ചെക്ക് ഉപയോഗിച്ച് അനധികൃതമായി 25 ലക്ഷം രൂപ പിൻവലിച്ചതാണ് തർക്കത്തിന് വഴിവച്ചത്. തുക പിൻവലിച്ച സന്ദേശം വന്നപ്പോഴാണ് വിവരമറിഞ്ഞതെന്നാണ് ട്രഷററുടെ വാദം. തുടർന്ന് പ്രസിഡന്റിനെ പുറത്താക്കുകയും ജില്ലാ കമ്മിറ്റി ഇടപെട്ട് അന്വേഷണ കമീഷനെ വയ്ക്കുകയും ചെയ്തു. മാസം 500 രൂപയും ദിവസേന 500 രൂപയും പിരിവിട്ടുള്ള പരസ്പരസഹായ പദ്ധതിയുടെ പേരിലും വലിയ തുകയുടെ അഴിമതി നടന്നതായാണ് ആരോപണം. രണ്ടായിരത്തിലേറെ പേർ ഈ പദ്ധതിയിലുണ്ട്. എന്നാൽ പിരിഞ്ഞു കിട്ടുന്ന തുകയ്ക്ക് ഒരു കണക്കും കമ്മിറ്റികളിൽ വയ്ക്കാറില്ലെന്നാണ് അംഗങ്ങളുടെ പരാതി. നിരവധി പേർക്ക് വലിയ തുക നൽകാനുമുണ്ട്. സമിതിയുടെ കെട്ടിട നിർമാണത്തിനെടുത്ത വായ്പ തുക തിരിച്ചടയ്ക്കാതെ പ്രസിഡന്റ് കൈവശംവച്ചതായും പരാതിയുണ്ട്. അതേസമയം ട്രഷററാണ് സാമ്പത്തിക കാര്യങ്ങൾ മുഴുവൻ നോക്കുന്നതെന്നും കച്ചവട ആവശ്യങ്ങൾക്ക് ട്രഷറർ വലിയ തുകകൾ പിൻവലിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ആരോപിച്ചു. ട്രഷററുടെയും പ്രസിഡന്റിന്റെയും ശബ്ദരേഖകൾ പ്രചരിക്കുന്നുണ്ട്.









0 comments