print edition ജില്ലയിൽ യുഡിഎഫ് അസ്വസ്ഥം: ജോസഫ് വിഭാഗവുമായി ചർച്ചയ്‌ക്കില്ലെന്ന് കോൺഗ്രസ്

ബിമൽ പേരയം
Published on Nov 10, 2025, 01:47 AM | 1 min read
തിരുവനന്തപുരം: കോർപറേഷൻ സ്ഥാനാർഥി നിർണയത്തിൽ സ്വന്തം പാർടിക്കാരെപ്പോലും ഒരുമിച്ചു നിർത്താനാകാതെയുഴലുന്ന കോൺഗ്രസിനെ വെല്ലുവിളിച്ച് ഘടകകക്ഷികളും രംഗത്ത്. യുഡിഎഫിലെ മൂന്നാംകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം 25 വാർഡുകളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണമാരംഭിച്ചു. കോർപറേഷനിൽ തങ്ങൾക്ക് ആകെയുള്ള സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് നീക്കം. മേയർ സ്ഥാനാർഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന കെ എസ് ശബരീനാഥനെതിരെയും സ്ഥാനാർഥിയെ രംഗത്തിറക്കിയിട്ടുണ്ട്.
32 വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. തങ്ങൾ പതിവായി മത്സരിക്കുന്ന പൂന്തുറ വാർഡ് കോൺഗ്രസ് ഏറ്റെടുത്തതിനു പകരം മറ്റേതെങ്കിലും വാർഡ് ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല. ഇതോടെയാണ് കോർപറേഷന്റെ കാൽഭാഗം വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം വെല്ലുവിളി ഉയർത്തുന്നത്. സൈനിക സ്‌കൂൾ, പോർട്ട്, പൂങ്കുളം, നന്ദൻകോട്, മുടവൻമുഗൾ, പുഞ്ചക്കരി, അന്പലത്തറ, ആറ്റുകാൽ, കുടപ്പനക്കുന്ന് തുടങ്ങി 25 വാർഡുകളിൽ സ്ഥാനാർഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചു.
ജോസഫ് വിഭാഗവുമായി ചർച്ചയ്‌ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ആർഎസ്‌പിക്ക് അഞ്ചും സിഎംപിക്ക് മൂന്നും വാർഡുകൾ നൽകിയിട്ടുണ്ട്. ഇവിടങ്ങളിലും വിമത ഭീഷണിയുണ്ട്. കോൺഗ്രസിന്റെ സ്ഥാനാർഥികളെ സംബന്ധിച്ച എതിർപ്പും കെട്ടടങ്ങിയിട്ടില്ല. കെപിസിസി ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് മുൻ ജനറൽസെക്രട്ടറി, മുൻ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ രാജിയും കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയാണ്.
നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇതുവരെ അമ്പതോളംപേർ രാജിവച്ചിട്ടുണ്ട്. മഹിളാ കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. മണ്ണന്തലയിലെ യൂത്ത് കോൺഗ്രസ് നേതാവ് വിമത സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ചു. വലിയവിളയിൽ മഹിളാ കോൺഗ്രസ് നേതാവും ഭാരവാഹികളും രാജിവച്ച് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്.









0 comments