സർവ്വം നിശ്ചലം

തിരുവനന്തപുരം
എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം റിങ്‌റോഡ്, മലയോര ഹൈവേ, തിരുവനന്തപുരം മെട്രോ തുടങ്ങിയ പദ്ധതികളെല്ലാം നിശ്ചലാവസ്ഥയിലാണ്. ഭരണത്തിലേറി ആറുമാസം തികഞ്ഞിട്ടും തലസ്ഥാനത്തിന് കാര്യമായ പദ്ധതികളൊന്നും യുഡിഎഫ് സർക്കാർ നടപ്പാക്കിയിട്ടില്ല. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള ‘മിഷൻ സമുദ്ര' പദ്ധതിമാത്രമാണ് വന്പൻ കച്ചവടത്തിനായി സർക്കാർ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ രൂപരേഖ തയ്യാറാക്കിയ ലൈറ്റ് മെട്രോ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭനടപടികളൊന്നുമായില്ല. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് വെട്ടിക്കുറച്ചത് പ്രാദേശികവികസനത്തിനും തിരിച്ചടിയായി. തലസ്ഥാനത്ത് കിഫ്‌ബി ഏറ്റെടുത്ത നിരവധി പദ്ധതികൾ അനിശ്ചിതത്വത്തിലാണ്. മെഡിക്കൽ കോളേജിലുൾപ്പെടെ രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്. 10 വർഷം മലയാളികൾ മറന്ന വൈദ്യുതിമുടക്കം തിരിച്ചുകൊണ്ടുവന്ന് ജനത്തെ ബുദ്ധിമുട്ടിക്കുകയാണ്. ആശുപത്രികളിലെ ശസ്‌ത്രക്രിയകൾപോലും മുടങ്ങി. മാതൃകാ ആശുപത്രികളായിരുന്ന ഇടങ്ങളെ പൂച്ചയും പട്ടിയും കയറിക്കിടക്കുന്ന അവസ്ഥയിലെത്തിച്ചു. പൊലീസിനെ കയറൂരിവിട്ട് എതിരാളികളെ അടിച്ചമർത്തുകയും കള്ളക്കേസിൽ കുടുക്കുകയുമാണ്. വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന വിദ്യാർഥികളെപ്പോലും ക്രിമിനലുകളാക്കുന്നു. അതേസമയം ആക്രമണങ്ങളും കൊലപാതകങ്ങളും മോഷണങ്ങളും തടഞ്ഞ്, ജനങ്ങൾക്ക് സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിൽ പൊലീസ് തികഞ്ഞ പരാജയമായി മാറിക്കഴിഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയതുമുതൽ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റും പരിസരവും വീണ്ടും സമരകേന്ദ്രമായി മാറിയതും സർക്കാരിനെതിരായ ജനവികാരത്തിന്റെ തെളിവാണ്.







0 comments