സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കം
ശാസ്ത്രജ്ഞരേ ഇതിലേ ഇതിലേ...

സംസ്ഥാന ശാസ്ത്രോത്സവം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 18, 2026, 12:00 AM | 2 min read
മണ്ണാർക്കാട്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് തുടക്കമായി. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പൊറ്റശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും തയ്യാറാക്കിയ രാസപദാർത്ഥങ്ങൾകൊണ്ട് വിളക്ക് തെളിച്ചായിരുന്നു ഉദ്ഘാടനം. 21 വരെ നടക്കുന്ന മേളയിൽ 165 ഇനങ്ങളിലായി ഏഴായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും. ഗണിതമേള കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലും സാമൂഹ്യ ശാസ്ത്രമേള മണ്ണാർക്കാട് എംഇടി ഹയർ സെക്കൻഡറി സ്കൂളിലും പ്രവൃത്തിപരിചയ മേള നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലും ശാസ്ത്ര, ഐടി മേളകൾ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുക. വൈഐപി ശാസ്ത്രപഥം ആശയ പ്രദർശനം എംഇഎസ് എച്ച്എസ്എസിലും സ്കിൽ ഫെസ്റ്റിവൽ എക്സിബിഷനും കരിയർ ഫെസ്റ്റും നെല്ലിപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റേഷന് എതിർവശത്തെ മിനി മുബാസ് സ്റ്റേഡിയത്തിലും സ്കിൽ ഫെസ്റ്റിവൽ ജിഎംയുപി സ്കൂളിലും നടക്കും. മണ്ണാർക്കാട് ജിഎംയുപി സ്കൂൾ പരിസരത്തുനിന്ന് ചെണ്ടമേളങ്ങളുടെയും ബാൻഡ് മേളങ്ങളുടെയും നാടൻകലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് വിളംബര ഘോഷയാത്ര ആരംഭിച്ചത്. വി കെ ശ്രീകണ്ഠൻ എംപി അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയൻ കൊടിയുയർത്തി. എംഎൽഎമാരായ വി ടി ബൽറാം, നജീബ് കാന്തപുരം, പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയൻ, വിദ്യാഭ്യാസ ഡയറക്ടർ എ അബൂബക്കർ, ഒറ്റപ്പാലം സബ് കലക്ടർ അൻജീത് സിങ്, നഗരസഭാ ചെയർപേഴ്സൺ കെ സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ സ്മിത, ആർ അരുൺകുമാർ, കെ വി മനോജ്, ജൂഡ് ലൂയിസ്, ഡിഡിഇ സെലീന ബീവി, ഡിപിസി എ ഷൗക്കത്തലി, കെ ശശിധരൻ എന്നിവർ സംസാരിച്ചു. പ്രധാന വേദിയിൽ കലാപരിപാടികളും അരങ്ങേറി.
ശ്രദ്ധേയമായി രാസദീപം
മണ്ണാർക്കാട്
സംസ്ഥാന ശാസ്ത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ശ്രദ്ധേയമായി രാസദീപം. പൊറ്റശേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന്റെ ശാസ്ത്രവണ്ടി ടീം തയ്യാറാക്കിയ രാസദീപം കൊളുത്തിയാണ് മന്ത്രി എന്‍ ഷംസുദ്ദീന് ഉദ്ഘാടനം നിര്‍വഹിച്ചത്. രാസവസ്തുക്കളുടെ ജ്വലനത്തിലൂടെ വിവിധ വര്‍ണങ്ങള്‍ തീര്‍ക്കുന്ന രീതിയിലാണ് ദീപം തയ്യാറാക്കിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ കെ ജെ അനന്യ, കെ എം ശ്രീലക്ഷ്മി, അധ്യാപകരായ മൈക്കിള്‍ ജോസഫ്, അനീസ് ഹസന്, മഞ്ജു പി ജോയ്, ലാബ് അസിസ്റ്റന്റുമാരായ ജീന ജോസി, ബി അബുതാഹിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാസദീപം തയ്യാറാക്കിയത്.
ശാസ്ത്രോത്സവ യാത്രകൾ വിരൽത്തുമ്പിൽ ‘ശാസ്ത്രി എക്സ്പ്രസ് ’
വി പ്രശോഭ്
മണ്ണാർക്കാട്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി മണ്ണാർക്കാട് ഉപജില്ലാ ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി തയ്യാറാക്കിയ സമഗ്ര ഡിജിറ്റൽ മൊബൈൽ ആപ്പായ ‘ശാസ്ത്രി എക്സ്പ്രസ്’ പുറത്തിറക്കി. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ ഉദ്ഘാടന വേദിയിൽ മന്ത്രി എൻ ഷംസുദ്ദീൻ ആപ്പിന്റെ ലോഞ്ചിങ് നിർവഹിച്ചു.ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് യാത്രയും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ആപ്പ് ശാസ്ത്രോത്സവത്തിന്റെ ഗതാഗത സംവിധാനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും. മേളയുടെ അഞ്ചുദിവസങ്ങളിലെയും സമയക്രമവും മത്സരവിവരങ്ങളും അറിയാനുള്ള സംവിധാനമാണ് ആപ്പിന്റെ സവിശേഷത. വിവിധ മത്സരവേദികളുടെ വിവരങ്ങളും ഗൂഗിൾ മാപ്സ് സഹായത്തോടെയുള്ള ലൊക്കേഷൻ സൗകര്യവും ലഭ്യമാണ്. ജില്ല തിരിച്ചുള്ള താമസസൗകര്യ വിവരങ്ങൾ, ഓട്ടോ, ബസ് തുടങ്ങിയ വാഹനസൗകര്യങ്ങൾ, ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ എന്നിവയും ഉൾപ്പെടുത്തി. ഇതിനുപുറമെ, വേദികളും പ്രദേശങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഇന്ററാക്ടീവ് 3ഡി മാപ്പ്, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറുകൾ, ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിവിധ സ്ഥലങ്ങളുടെയും അതിഥികളുടെയും വിവരങ്ങൾ, നോട്ടീസുകൾ, ബ്രോഷറുകൾ തുടങ്ങിയവയും ആപ്പിൽ ക്രമീകരിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സഹായ വിവരങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ആപ്പ് സന്ദർശിക്കാൻ https://iqbalariyoor.github.io/Shastri-Express.







0 comments