എൻഎച്ച്എം ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ
കോടതിയെ സമീപിച്ചവർക്ക് ആശ്വാസം

പാലക്കാട്
ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ കരാർ പുതുക്കാതെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ കോടതിയെ സമീപിച്ചവർക്ക് ഇടക്കാല ആശ്വാസം. സംസ്ഥാനത്താകെ 1,425 ജീവനക്കാരെയാണ് കഴിഞ്ഞമാസം 29ന് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ഇതിൽ കേസ് നൽകിയ 105 പേർക്കാണ് ഒരു മാസത്തേക്കുകൂടി ജോലിയിൽ തുടരാൻ ഇടക്കാല വിധി ലഭിച്ചത്. ചൊവ്വാഴ്‌ച കേസ് പരിഗണിച്ചപ്പോൾ എൻഎച്ച്എമ്മിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതിയെ സമീപിച്ച ജീവനക്കാർക്ക് അനുകൂലമായി ഒരു മാസത്തേക്ക് ജോലിയിൽ തുടരാൻ ഉത്തരവ് നൽകുകയായിരുന്നു. കേസ് ഡിസംബർ 15-ന് വീണ്ടും പരിഗണിക്കും. പാലക്കാട് ജില്ലയിൽ 64 പേരെയാണ് എൻഎച്ച്എമ്മിൽനിന്ന് പിരിച്ചുവിട്ടത്. ഇതിൽ കേസ് നൽകിയ ആയുഷ് ഡിസ്‌പെൻസറികളിലെ അഞ്ച് ഡോക്ടർമാർക്കുമാത്രമാണ് ഇടക്കാല വിധിയുടെ ആനുകൂല്യം ലഭിച്ചത്. ജില്ലയിൽ ശേഷിക്കുന്ന 57 പേർ അപ്പീൽ നൽകി കാത്തിരിക്കുകയാണ്. സംസ്ഥാനത്താകെ 1,320 ജീവനക്കാരാണ് ഇത്തരത്തിൽ അപ്പീൽ നൽകി മറുപടിക്കായി കാത്തിരിക്കുന്നത്. കരാർ കാലാവധി അവസാനിച്ചതിനാൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാർ.








0 comments