യുവാക്കളെ മർദിച്ച 2 പേർ പിടിയിൽ

പ്രതികളായ അനിയും സായികുമാറും
വർക്കല
കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാക്കളെ ഇടിവളയും കമ്പിവടിയും ഉപയോഗിച്ച് മർദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുംചെയ്ത കേസിൽ രണ്ടുപേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി കോവൂർ കാക്കുളം മാടൻനടയ്ക്ക് സമീപം അനി വിലാസത്തിൽ അനി (38), പാളയംകുന്ന് പുളിയത്തുകോണം രമ്യാഭവനിൽ സായികുമാർ (34) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം നടയ്ക്കൽ സ്വദേശി മനു (33), കല്ലുവാതുക്കൽ സ്വദേശി തംബുരു (32)എന്നിവരാണ് ആക്രമണത്തിനിരയായത്. സെപ്തംബർ 15ന് പകൽ 11.30ഓടെ ചെമ്മരുതി കോവൂർ കാക്കുളം കാവിന് സമീപമാണ് സംഭവം. മനുവും സുഹൃത്ത് തംബുരുവും സഞ്ചരിച്ച കാറിൽ പ്രതികളുൾപ്പെട്ട നാലംഗ സംഘം സഞ്ചരിച്ച വാഹനം കൊല്ലം പാരിപ്പള്ളിക്ക് സമീപം ഇടിച്ചശേഷം നിർത്താതെ പോയി. തുടർന്ന് മനുവും സുഹൃത്തും വാഹനത്തെ പിന്തുടർന്ന് കോവൂർ കാക്കുളം കാവിന് സമീപത്തെത്തി ചോദ്യം ചെയ്തതോടെയാണ് തർക്കമായത്. അനിയും സായികുമാറും മറ്റ് രണ്ടുപേരും ചേർന്ന് മനുവിനെയും തംബുരുവിനെയും മർദിച്ചെന്നാണ് പരാതി. ഇടിവള ഉപയോഗിച്ച് മനുവിന്റെ മുഖത്തിടിച്ചതിനെ തുടർന്ന് കീഴ്ചുണ്ടിലും താടിയിലും പരിക്കേറ്റു. ഇരുമ്പുകമ്പി ഉപയോഗിച്ചും മർദിച്ച പ്രതികൾ അടിയേറ്റ് നിലത്തുവീണ മനുവിനെ ചവിട്ടുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ അയിരൂർ പൊലീസ് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.









0 comments