തമിഴ്നാട് സ്വദേശികളായ സഞ്ചാരികൾക്ക് മർദനം

വർക്കല
പാപനാശം വിനോദസഞ്ചാര മേഖലയിലെത്തിയ തമിഴ്നാട് സ്വദേശികൾക്കുനേരെ ആക്രമണം. പാപനാശം ഹെലിപ്പാഡ് കൊച്ചുവിള ജങ്ഷനിൽ തിങ്കൾ രാത്രി ഏഴോടെയാണ് സംഭവം. ഗതാഗതക്കുരുക്കിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. ഓട്ടോ ഡ്രൈവറും പ്രദേശവാസിയായ മറ്റൊരാളും ചേർന്ന് സഞ്ചാരികളെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പെട്ടെന്ന് വാഹനം നിർത്തിയപ്പോൾ ഓട്ടോ വാനിൽ ഇടിക്കുമെന്ന് ആരോപിച്ചാണ് വാക്ക് തർക്കമുണ്ടായത്. നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എത്തുന്ന പാപനാശം ഹെലിപ്പാഡ് കൊച്ചുവിള ജങ്ഷനിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഹെലിപ്പാഡിൽനിന്ന് കൊച്ചുവിള ജങ്ഷനിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച മാരുതി ഒമ്നി വാൻ റോഡിൽ നിർത്തേണ്ടിവന്നു. വാനിന് പിന്നാലെയെത്തിയ ഓട്ടോ ഡ്രൈവർ പ്രകോപിതനായി വിനോദസഞ്ചാരികളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടെ പ്രദേശവാസിയായ മറ്റൊരാളും ആക്രമണത്തിൽ പങ്കുചേർന്നു. ഇരുവരും ചേർന്ന് വിനോദസഞ്ചാരികളെ മർദിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്നത്. ആക്രമണം പ്രതിരോധിക്കാൻ സംഘത്തിലുണ്ടായിരുന്ന യുവാക്കളും ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവ സമയത്ത് പൊലീസ് ഇല്ലാതിരുന്നതാണ് സംഘർഷത്തിന് ആക്കംകൂട്ടി.







0 comments