കിഴുവിലത്ത് ഭീതിപരത്തി തെരുവുനായകളും പന്നികളും

ചിറയിൻകീഴ്
കിഴുവിലം പഞ്ചായത്തിൽ ഭീതിപരത്തി തെരുവുനായകളും പന്നികളും. തിരക്കേറിയ റോഡുകളിലും ഇടവഴികളിലും ചന്തകളിലും അലഞ്ഞുതിരിയുന്ന നായകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഉൾപ്രദേശങ്ങളിലാണ് പന്നികളുടെ ശല്യം. നിരത്തുകളിൽ തെരുവുനായകൾ കുറുകെ ചാടി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയുമടക്കം അപകടത്തിൽപ്പെടുന്നു. എൻഇഎസ് ബ്ലോക്ക് ചന്ത, മുടപുരം ജങ്‌ഷൻ, ശിവകൃഷ്ണപുരം, കൂന്തള്ളൂർ, പുരവൂർ, ഇരട്ടക്കലുങ്ക്, ചെറുവള്ളിമുക്ക്, കാട്ടുംപുറം, പാവൂർക്കോണം, വെള്ളൂർക്കോണം തുടങ്ങി മിക്ക പ്രദേശങ്ങളിലും തെരുവുനായശല്യം വ്യാപകം. വിദ്യാർഥികളടക്കം ഭീതിയോടെയാണ് യാത്രചെയ്യുന്നത്. ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചി മാലിന്യങ്ങളുമടക്കം റോഡിൽ തള്ളുന്നതും നായകൾ കൂട്ടമായെത്താൻ കാരണമാകുന്നു. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കാനായി നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. രാത്രിയിൽ നായകൾ വീടുകളിൽ കടന്നുകയറി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്. പുലിയൂർക്കോണം, അണ്ടൂർ, മാമം നട, നൈനാംകോണം, അരികത്തുവാർ എന്നിവിടങ്ങളിൽ പന്നികളുടെ ആക്രമണം രൂക്ഷമാണ്. കൂട്ടമായെത്തുന്ന പന്നികൾ വാഴകളും മരച്ചീനിയുമടക്കം നശിപ്പിക്കുന്നു. തെരുവുനായകളെ സംരക്ഷിക്കാൻ ഷെൽട്ടർ തയ്യാറാക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിക്കുന്നില്ല.









0 comments