അരി വിലയും കുതിക്കുന്നു
അടുക്കള പുകയുമോ ?

കോഴിക്കോട്
പൊതുവിപണിയിൽ സർക്കാർ ഇടപെടൽ ദുർബലമായതോടെ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവക്കൊപ്പം അരിവിലയും ഉയരുകയാണ്. വലിയങ്ങാടിയിൽ പൊന്നി അരി കിലേയ്‌ക്ക് 85 രൂപയാണ് വില. കുറുവ 55, ബോധന 42, കയമ 185, കോല 115, ബസുമതി 135 എന്നിങ്ങനെയാണ് വില. ചില്ലറവില ഇതിലും ഉയരും. ഓണക്കാലത്ത് തുടങ്ങിയ വിലക്കയറ്റത്തിന് ഇപ്പോഴും ശമനമില്ല. വിവിധ ഘട്ടങ്ങളിലായി കിലോഗ്രാമിന് അഞ്ചു മുതൽ 15 രൂപ വരെയാണ് വില വർധിച്ചത്. ഇത് സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക പ്രയാസം വർധിപ്പിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിലുണ്ടായ പ്രതികൂല കാലാവസ്ഥയും കനത്ത മഴയും കാരണം ഉൽപ്പാദനം കുറഞ്ഞതാണ് വിലവർധിക്കാൻ കാരണം. ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അരി കൊണ്ടുവരുന്നത്. എന്നാൽ മില്ലുടമകളുടെയും ഇടനിലക്കാരുടെയും ഇടപെടലും പൂഴ്‌ത്തിവെപ്പും വിപണിയിൽ വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതായി വ്യപാരികൾ പറഞ്ഞു. അരി വിലക്കയറ്റത്തിന്റെ പ്രത്യാഘാതം ഹോട്ടൽ മേഖലയിലും പ്രകടമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതിനാലും പാചകവാതകത്തിന്റെ വാണിജ്യ സിലിണ്ടറിനുള്ള വില ഉയർന്നതിനാലും ഭക്ഷണത്തിന്റെ വില ഉയർത്തേണ്ട സാഹചര്യമാണുള്ളതെന്ന് ഹോട്ടലുടമകളും പറയുന്നു. ഹോട്ടലുകളിൽ ഭക്ഷണ വില വർധിക്കുന്നതോടെ അതിന്റെ അധികഭാരവും സാധാരണക്കാരന്റെ ചുമലിലാകും. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി വിപണയിൽ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. എന്നിട്ടും ഒരിടപെടലും ഉണ്ടാവുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. പൊതുവിപണിയിലെ വില വർധിക്കുന്പോൾ സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്‌റ്റോറിലും കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സ്‌റ്റോറിലും നിത്യോപയോഗ സാധനങ്ങൾ പോലും ലഭ്യമല്ല. സാധാരണക്കാരുടെ കുടുംബ ബജറ്റ് പാടെ താളം തെറ്റിയിരിക്കുകയാണ്. അരിയുടെ വില ഇനിയും ഉയർന്നാൽ ജീവിതം കൂടുതൽ പ്രതിസന്ധിയിലാകും.








0 comments