print edition കൗമാര താരങ്ങൾക്ക് ദുരിത യാത്ര

ദേശീയ സ്--കൂൾ അത്ലറ്റിക്--സിനായി മധ്യപ്രദേശിലേക്ക് പോകുന്ന കേരള ടീം ട്രെയിനിൽ

സ്വന്തം ലേഖകൻ
Published on Nov 11, 2026, 01:00 AM | 1 min read
തിരുവനന്തപുരം : കേരളത്തിന്റെ കൗമാര കായിക പ്രതിഭകൾക്ക് സർക്കാരിന്റെ ക്രൂര അവഗണന. മധ്യപ്രദേശിലെ ശിവപുരിയിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക്‌സ് മീറ്റിൽ പങ്കെടുക്കാനുള്ള കേരള ടീമിന്റെ യാത്ര ദുരിതമായി. ടിക്കറ്റ് ഉറപ്പാക്കിയില്ല. ഇരിപ്പിടം ലഭിക്കാത്തതിനാൽ ട്രെയിനിൽ നിലത്തിരുന്നായിരുന്നു യാത്ര. ശുചിമുറിയുടെ അടുത്താണ് പല താരങ്ങളും ഇരുന്നത്. എറണാകുളം–ഹസ്രത് നിസാമുദീൻ മംഗള എക്‌സ്‌പ്രസിലായിരുന്നു ടീമിന്റെ യാത്ര.
കഴിഞ്ഞ തവണ ജൂനിയർ വിഭാഗത്തിൽ കിരീടം ചൂടിയ താരങ്ങൾക്കാണ് ദുരവസ്ഥ. 28 അത്‌ലീറ്റുകളും 10 ഒഫീഷ്യൽസും അടങ്ങുന്നതാണ് സംഘം. ഞായറാഴ്‌ച കേരളത്തിൽ നിന്ന് യാത്ര തിരിച്ച സംഘം ഇന്നലെ രാവിലെ ശിവപുരിയിലെത്തി. പുറപ്പെടുമ്പോൾ എല്ലാ കുട്ടികൾക്കുമുള്ള സീറ്റ് ഉണ്ടായിരുന്നെന്നും രണ്ടാം ദിവസം രാത്രി മുതലാണ് പ്രശ്‌നം ഉണ്ടായതെന്നുമാണ് അധികൃതരുടെ വാദം.
മഹാരാഷ്‌ട്രയിലെ കല്യാണിൽ എത്തിയപ്പോൾ യാത്രക്കാർ ബോഗിയിലേക്ക് ഇടിച്ചു കയറി. ഇവിടം മുതൽ 24 പേർക്കുള്ള സീറ്റ് മാത്രമാണ് ഉറപ്പുണ്ടായിരുന്നുവെന്നാണ് ന്യായം. അതേസസമയം കുട്ടികൾ ശുചിമുറിക്ക് സമീപം ഞെങ്ങിഞെരുങ്ങി നിലത്തിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തായി. നാളെയുടെ വാഗ്‌ദാനങ്ങൾക്ക് ട്രെയിനിൽ സീറ്റ് പോലും ഉറപ്പാക്കാൻ കഴിയാത്ത സർക്കാരിന്റെ പിടിപ്പു കേടിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 12 മുതൽ 16 വരെയാണ് ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റ്. എൽഡിഎഫ് സർക്കാർ കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ടിക്കറ്റ് ഉറപ്പാകാത്ത സാഹചര്യത്തിൽ വിമാനത്തിൽ ആണ് അവരെ മത്സരവേദിയിൽ എത്തിച്ചത്.








0 comments