മനുഷ്യ–വന്യജീവി സംഘർഷം; ആർആർടി രൂപീകരണം പ്രഖ്യാപനത്തിലൊതുങ്ങി - ഓഫീസും ജീവനക്കാരുമില്ല


സ്വന്തം ലേഖകൻ
Published on Nov 11, 2026, 12:52 AM | 1 min read
പാലക്കാട്
മനുഷ്യ – വന്യജീവി സംഘർഷം തടയാനും വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ആർആർടി (റാപ്പിഡ് റസ്‌പോൺസ് ടീം) പ്രഖ്യാപനത്തിലൊതുങ്ങി. യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പുതുതായി 25 ആർആർടികൾ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ തുടർ നടപടി സ്വീകരിച്ചില്ല. ആവശ്യത്തിന് ജീവനക്കാരോ ഓഫീസുകളോ വാഹനങ്ങളോ ഫണ്ടോ അനുവദിച്ചില്ല. വനംവകുപ്പിന്റെ വൈൽഡ് ലൈഫ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ എന്നിവരുടെ മേൽനോട്ടത്തിലാണ് ടീമിന്റെ പ്രവർത്തനം. റേഞ്ച് ഫോറസ്റ്റ് ഓഫീസറോ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറോ ആയിരിക്കും തലവൻ. രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, അഞ്ചുമുതൽ എട്ടുവരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, നാലുമുതൽ 11വരെ അസിസ്റ്റന്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർ എന്നിവരാണ് ടീം അംഗങ്ങൾ. എന്നാൽ ഒരു ടീമുപോലും രൂപീകരിച്ചിട്ടില്ല. ടീമിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഓഫീസ് ആവശ്യമാണ്. ഇതും അനുവദിച്ചില്ല. റെസ്ക്യൂ വാഹനം, സ്ട്രൈക്കിങ് ഫോഴ്സ് വാഹനം. മയക്കുവെടി തോക്ക്, വലകൾ, കൂടുകൾ , മൃഗങ്ങളെ മാറ്റാൻ സ്ട്രെച്ചറുകൾ, നൈറ്റ് വിഷൻ ഗ്ലാസുകൾ, ഡ്രോൺ ക്യാമറകൾ, ടോർച്ചുകൾ, വയർലെസ്സ് സെറ്റുകൾ. കവചിത വസ്ത്രങ്ങൾ, തെർമൽ ഇമേജിങ് ക്യാമറകൾ തുടങ്ങിയ ഉപകരണങ്ങളും ആവശ്യമാണ്. നിലവിൽ സംസ്ഥാനത്ത് 29 ആർആർടികൾ പ്രവർത്തിക്കുന്നു. എന്നാൽ മലയോര മേഖലയിലുൾപ്പടെ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതും മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതും വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ആർആർടികൾ രൂപീകരിക്കണം എന്ന ആവശ്യം കർഷകരിൽ നിന്നുൾപ്പെടെ ഉണ്ടായത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആർആർടികളുടെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ആധുനിക ഉപകരണങ്ങളും ഡ്രോൺ അടക്കമുള്ള സാങ്കേതികവിദ്യകളുമടങ്ങുന്ന പുതിയ യൂണിറ്റുകളും സജ്ജമായിരുന്നു.








0 comments