Deshabhimani

എലപ്പുള്ളിയിൽ ഇനി ചോളവും വിളയും

cholam
avatar
എസ്‌ നന്ദകുമാർ

Published on Nov 11, 2026, 12:34 AM | 1 min read

എലപ്പുള്ളി

നെല്ലും നിലക്കടലയും പച്ചക്കറിയും വിളഞ്ഞ എലപ്പുള്ളിയുടെ മണ്ണിൽ ഇതാ പുതിയൊരു ഹരിത വിപ്ലവം കൂടി. നിലക്കടല കൃഷിയുടെ മികച്ച വിജയത്തിന്‌ പിന്നാലെ 100 ഏക്കറിൽ ചോളം കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്‌ എലപ്പുള്ളി കൃഷി ഭവൻ. കൃഷി ഭവൻ പരിധിയിലെ കർഷകമിത്ര കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ 100 അംഗ കാർഷികസേന രൂപീകരിച്ച് ഇവർക്ക് പരിശീലനം നൽകിയാണ് പഞ്ചായത്തിലെ വിവിധയിടങ്ങളിലായി ചോളം കൃഷി ചെയ്യുന്നത്. നെല്ലും കടലയും പച്ചക്കറിയും പൂക്കളും ഇതിനോടകം വിളവെടുപ്പ് നടത്തിയ എലപ്പുള്ളിയിലെ കൃഷിഭൂമിയിൽ ചോളവും എത്തുന്നതിൽ മറ്റൊരു കാരണവുമുണ്ട്. വെറും 90 ദിവസത്തിനുള്ളിൽ വിളവെടുക്കാം എന്നതാണ് ചോളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.നിലം ഒരുക്കലും വളപ്രയോഗവുമെല്ലാം മറ്റ് കൃഷികളെ അപേക്ഷിച്ച് വളരെ കുറവുമതി. കാലിത്തീറ്റ നിർമാണത്തിലും എഥനോൾ ഉൽപ്പാദനത്തിലും ചോളത്തിനുള്ള വലിയ ആവശ്യകത കർഷകർക്ക് മികച്ച വരുമാനവും ഉറപ്പാക്കും. സംസ്ഥാനത്തെ ഡെയറി മേഖലയ്ക്ക്, പ്രത്യേകിച്ച് മിൽമയ്ക്ക് ആവശ്യമായ സൈലേജ് നിർമാണമാണ് ഈ പദ്ധതിയിലൂടെ കൃഷിഭവൻ പ്രധാനമായും ലക്ഷ്യമിടുന്നത്. കാലാവസ്ഥ വ്യതിയാനം വെല്ലുവിളി ആകാതിരിക്കാൻ കൃഷി ഓഫീസർ ബി എസ് വിനോദ്കുമാറിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെത്തി അവിടത്തെ കൃഷിരീതികൾ നേരിട്ട് പഠിച്ച ശേഷമാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. മുൻകാലങ്ങളിൽ സ്വീറ്റ് കോൺ,ബേബി കോൺ എന്നിവ കൃഷി ചെയ്തിരുന്ന വേളയിൽ പരിമിതമായ വിപണി സാധ്യത മാത്രമാണുണ്ടായിരുന്നത്. എന്നാലിന്ന് കാലിത്തീറ്റക്ക് വലിയ തോതിൽ ചോളം ഉപയോഗിച്ച് തുടങ്ങിയതും എഥനോൾ നിർമാണത്തിൽ ചോളം അവിഭാജ്യ ഘടകമായതും കർഷകർക്ക് ഉണർവ് നൽകിയിട്ടുണ്ട്. എൽഡിഎഫ് ഭരണസമിതിയുടെ പൂർണ പിന്തുണയുമുണ്ട്. ചോളം കൃഷിക്ക് മുന്നോടിയായി കാർഷിക കർമ സേനാംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ്‌ പി സി ബിജു ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home