ജില്ലയുടെ വികസനം; സമഗ്ര നിർദേശങ്ങളുമായി ജില്ലാ പഞ്ചായത്ത്


സ്വന്തം ലേഖകൻ
Published on Nov 11, 2026, 12:35 AM | 1 min read
പാലക്കാട്
കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ സാഹചര്യത്തിൽ പാലക്കാടിന്റെ വികസനത്തിന് സമഗ്ര നിർദേശങ്ങളുമായി ജില്ലാ പഞ്ചായത്ത്. ലോക നഗരാസൂത്രണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൗൺ പ്ലാനിങ് ഓഫീസ് സംഘടിപ്പിച്ച സെമിനാറിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു നിർദേശങ്ങൾ സമർപ്പിച്ചത്. ഇടനാഴി തുറന്നുതരുന്ന അവസരങ്ങളെ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്തരുതെന്നാണ് നിർദേശത്തിന്റെ കാതൽ. പാലക്കാടിന്റെ 25–50 വർഷത്തെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഭാവി നിർണയിക്കുന്ന വികസന അച്ചുതണ്ടായി ഇടനാഴിയെ മാറ്റണം. ഇടനാഴിയുടെ വികസനം പ്രാദേശികാസൂത്രണവുമായി ബന്ധിപ്പിക്കണം. വികസനത്തിന്റെ പേരിൽ കൃഷിഭൂമികളും ജലസ്രോതസ്സുകളും സ്വാഭാവിക ആവാസവ്യവസ്ഥകളും നിയന്ത്രണമില്ലാതെ നഷ്ടപ്പെടാൻ പാടില്ല. ജില്ലയുടെ സമഗ്രമായ ഭൂവിനിയോഗ മാപ്പ് തയ്യാറാക്കണം. വ്യവസായ മേഖലകളും ജനവാസ മേഖലകളും തമ്മിൽ ആവശ്യമായ പരിസ്ഥിതി ബഫർ സോണുകൾ ഉറപ്പാക്കണം. ഗതാഗത വികസനം വ്യവസായങ്ങളുടെ ആവശ്യങ്ങൾക്കുമാത്രമായി പരിമിതപ്പെടുത്തരുത്. വ്യവസായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സർവീസുകൾ തുടങ്ങണം. ഇടനാഴി യാഥാർഥ്യമാകുമ്പോൾ ഇവിടേക്ക് എത്തുന്ന തൊഴിലാളികളുടെ താമസ സൗകര്യം ഉറപ്പാക്കാൻ മികച്ച ആസൂത്രണം വേണം. വളർച്ചയുടെ ഗുണഫലങ്ങൾ സാധാരണ ജനങ്ങളിലേക്കും ചെറുകിട സംരംഭകരിലേക്കും കർഷകരിലേക്കും എത്തണം. കൃഷിയും വ്യവസായവുമായി ബന്ധിപ്പിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കർഷകരുടെ വരുമാനം ഉറപ്പാക്കണം. പാലക്കാട് ഗവ. മെഡിക്കൽ കോളേജ്, ഐഐടി, പോളിടെക്നിക്കുകൾ, ഐടിഐ-കൾ, എൻജിനിയറിങ് കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സാധ്യത പ്രയോജനപ്പെടുത്തണം.ഐടിഐ-കളിൽ പുതിയ സാങ്കേതികവിദ്യയിലുള്ള പരിശീലനം വേണം. വ്യവസായ സ്ഥാപനങ്ങളും കോളേജുകളും തമ്മിൽ ധാരണാപത്രങ്ങൾ ഒപ്പുവച്ച് വിദ്യാർഥികൾക്ക് വ്യവസായങ്ങളിൽ പരിശീലനവും തൊഴിൽ അവസരങ്ങളും ഒരുക്കണം. പരിസ്ഥിതി സാങ്കേതികവിദ്യ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് മേഖലകളിൽ ഗവേഷണം സാധ്യമാക്കണം. ആരോഗ്യ-–സാമൂഹിക മേഖലകളിലും നിക്ഷേപം വേണം. ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാര സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കണം. വ്യവസായ ഇടനാഴിയുടെ അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമായും കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെയും ഏജൻസികളുടെയും ചുമതലയിലാണെങ്കിലും സാമൂഹികവും പ്രാദേശികവുമായ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ പഞ്ചായത്തിനുൾപ്പെടെ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും നിർദേശത്തിൽ പറയുന്നു. ജില്ലാ പഞ്ചായത്ത് ഹാളിലാണ് സെമിനാർ നടന്നത്.









0 comments