മഴയില്ലാതെ തുലാം; കർഷകർ ആശങ്കയിൽ


സ്വന്തം ലേഖകൻ
Published on Nov 11, 2026, 12:37 AM | 2 min read
പാലക്കാട്
മഴ നിന്നതോടെ പ്രതിസന്ധിയിലായി രണ്ടാം വിളയിറക്കിയ നെൽ കർഷകർ. തുലാവർഷമാണ് രണ്ടാം വിളയുടെ കരുത്ത്. ഇത്തവണ മഴക്കാലം പ്രതീക്ഷ തെറ്റിച്ചു. കിഴക്കൻ മേഖലയിലെ നെൽപ്പാടങ്ങൾക്ക് ആശ്വാസമാകുന്ന മലമ്പുഴ, വാളയാർ അണക്കെട്ടുകളിൽനിന്നുള്ള കനാലുകളുടെ അവസ്ഥ ശോചനീയമാണ്. 59 ശതമാനം വെള്ളം മാത്രമാണ് മലമ്പുഴയിൽ ഇപ്പോഴുള്ളത്. 115.06 മീറ്റർ പരമാവധി ജലനിരപ്പുള്ള ഇവിടെ 110.78 മീറ്റർ വെള്ളമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. വാളയാർ അണക്കെട്ടിൽ കേവലം 15 ശതമാനമാണ് വെള്ളം. 203 പരമാവധി ജലനിരപ്പുള്ള അണക്കെട്ടിൽ 196.36 മീറ്ററിൽ വെള്ളമൊതുങ്ങി. വെള്ളം ആവശ്യമുള്ള മൂപ്പ് കൂടിയ വിത്തിനങ്ങളാണ് മിക്ക കർഷകരും വയലുകളിൽ ഇറക്കിയിരിക്കുന്നത്. തുലാം മാസം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇനി മഴയുണ്ടാകുമെന്ന പ്രതീക്ഷ കർഷകർക്കില്ല. അങ്ങനെ വരുമ്പോൾ കടുത്ത പ്രതിസന്ധികളാണ് അവരെ കാത്തിരിക്കുന്നത്. സമീപത്തെ കുളങ്ങളിൽനിന്നും കിണറുകളിൽനിന്നും വെള്ളം പമ്പ് ചെയ്യുകയാണ് പോംവഴി. എന്നാൽ കടുത്ത ചൂടിൽ അവയും വരളാനുള്ള സാധ്യതയേറെ. കൂടാതെ അമിത വൈദ്യുതി ചാർജും തലവേദനയാകും. പുറമെനിന്ന് വെള്ളമെത്തിച്ചാലുള്ള അധിക ചെലവും താങ്ങാനാകില്ല. ഇത്തവണ ഒന്നാം വിളയിറക്കിയപ്പോഴും മഴ കർഷകരെ ചതിച്ചിരുന്നു. പലയിടത്തും ഞാറുകൾ കരിഞ്ഞുണങ്ങി. താരതമ്യേന കൃഷി അധികമുള്ള ചിറ്റൂർ മേഖലയിലും വാളയാർ, എലപ്പുള്ളി പ്രദേശത്തും നടീൽ നിർത്തിവയ്ക്കുന്ന സ്ഥിതിയുണ്ടായി. ഭാരതപ്പുഴയിൽ വെള്ളമില്ലാത്തത് പടിഞ്ഞാറൻ മേഖലയേയും പ്രതിസന്ധിയിലാക്കി.
വേനലിൽ വരളും
തുലാമഴയും കൈയൊഴിഞ്ഞതോടെ വരൾച്ചപ്പേടിയിൽ ജില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. വേനലിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് വേനൽമഴ ലഭിച്ചത് പാലക്കാടാണ്. മാർച്ച് ഒന്നുമുതൽ മെയ് അവസാനംവരെ 128.5 മില്ലിമീറ്റർ മഴ മാത്രം. ജൂൺ ആദ്യവാരം മഴ തുടങ്ങിയെങ്കിലും പിന്നീട് കുറഞ്ഞു. ജൂലൈയിൽ മറ്റ് ജില്ലകളിൽ മഴ കനത്തപ്പോഴും ജില്ലയിൽ നിരാശയായിരുന്നു ഫലം. ആഗസ്തിലാണ് താരതമ്യേന മെച്ചപ്പെട്ട അളവിൽ മഴയുണ്ടായത്. അതും അധികദിവസം നീണ്ടില്ല. വേനലിന് സമാനമായി താപനില ഉയർന്നു. ഒക്ടോബർ, നവംബറിൽ ആവശ്യത്തിനുള്ള മഴ ലഭിക്കുമെന്ന പ്രതീക്ഷയും തെറ്റി. കഴിഞ്ഞ വർഷം മികച്ച അളവിൽ മഴ ലഭിച്ചിട്ടും ഏപ്രിലിൽ ജലലഭ്യത കുറഞ്ഞു. അണക്കെട്ടുകളിൽ വെള്ളം 15 ശതമാനത്തിന് താഴെയായി. ഇൗ സാഹചര്യത്തിൽ വേനലും കടുക്കുമോയെന്ന ആശങ്കയിലാണ് ജനം.









0 comments