ഇക്കൊല്ലവും ഓണക്കനിയും 
നിറപ്പൊലിമയും കുടുംബശ്രീ വക

കുടുംബശ്രീയുടെ പൂപ്പാടങ്ങളിൽ ഒന്ന്

കുടുംബശ്രീയുടെ പൂപ്പാടങ്ങളിൽ ഒന്ന്

avatar
സ്വാതി സുജാത

Published on Aug 25, 2025, 11:39 PM | 1 min read

തിരുവനന്തപുരം

ഓണമാഘോഷിക്കാൻ മലയാളിക്ക്‌ മറുനാടൻ മാർക്കറ്റിനെ കാത്തിരിക്കേണ്ടിവരില്ല. കുടുംബശ്രീയെത്തിക്കും അവരുടെ പൂപ്പാടങ്ങളിൽ വിരിഞ്ഞ പൂക്കളും ഓണസദ്യയുടെ രുചി കൂട്ടാൻ വിഷമില്ലാത്ത പച്ചക്കറികളും. 10,733.65 ഏക്കറിലാണ്‌ കുടുംബശ്രീ പ്രവർത്തകർ ഇക്കൊല്ലം കൃഷിയിറക്കിയത്‌. പൂക്കൃഷിക്കായി "നിറപ്പൊലിമ'യും ജൈവ പച്ചക്കറികൾക്കായി "ഓണക്കനി'യുമാണ് നടപ്പാക്കിയ പദ്ധതികൾ. സംസ്ഥാനത്തെ 13,879 ജോയിന്റ്‌ ലയബിലിറ്റി ഗ്രൂപ്പുകളിലൂടെ(ജെഎൽജി) 8913.13 ഏക്കറിൽ പച്ചക്കറിയും 4531 ജെഎൽജി 1820.52 ഏക്കറിൽ പൂക്കളുമാണ്‌ ഇക്കൊല്ലം വിളയിച്ചത്‌. പല ജില്ലകളിലും വിളവെടുപ്പ്‌ ആരംഭിച്ചു. പദ്ധതികൾ നാല്‌ ലക്ഷത്തിൽപ്പരം വനിതകൾക്കാണ്‌ ഉപജീവന മാർഗമാകുന്നത്‌. ​ പയർ, വെണ്ട, തക്കാളി, പടവലം, പാവൽ തുടങ്ങി പതിനൊന്നോളം ഇനങ്ങളാണ്‌ ഓണത്തിനായി കൃഷിചെയ്‌തത്‌. മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലിയാണ്‌ പ്രധാന പൂവിനം. കഴിഞ്ഞ വർഷമാണ്‌ നിറപ്പൊലിമ, ഓണക്കനി എന്നീ പേരുകളിൽ ഓണത്തിനായി പ്രത്യേക കൃഷി ആരംഭിച്ചത്‌. ഇക്കൊല്ലം കൂടുതൽ പ്രവർത്തകർ കൃഷിയിലേക്ക്‌ എത്തി. കുടുംബശ്രീ വിപണന മേളകൾ, ഓണച്ചന്തകൾ എന്നിവ മുഖേന മാർക്കറ്റ്‌ വിലയ്ക്ക്‌ കർഷകർ നേരിട്ടാണ്‌ വിപണനം. കൃഷിയിടങ്ങളിലെ മറ്റ്‌ വിളകളും സംരംഭകരുടെ ഉൽപ്പന്നങ്ങളും വിപണിയിലെത്തും. കുടുംബശ്രീയുടെ കീഴിലുള്ള കർഷകരായ വനിതകൾക്ക് കൂടുതൽ തൊഴിലവസരവും വരുമാനവും ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും ലഭ്യമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home