ad
Deshabhimani

ഈപിന്തുണ 
കൂടുതല്‍ കരുത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 07, 2026, 12:13 AM | 2 min read

പദ്ധതികൾ 
പ‍ൂർത്തീകരിക്കും

വർക്കലയിലെ ജനങ്ങൾ തനിക്കു നൽകിയത് വലിയ അംഗീകാരവും സ്വീകാര്യതയുമാണ്‌. സുഖത്തിലും ദുഃഖത്തിലും ജനങ്ങളോടൊപ്പംനിന്ന്‌ പ്രവർത്തിക്കാൻ വീണ്ടും ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തും. 10 വർഷത്തിനിടെ വർക്കലയിൽ നിരവധി വികസന- ക്ഷേമ പ്രവർത്തനങ്ങൾ നടത്താനായി. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ അതിന്റെ മാറ്റങ്ങളുണ്ടാക്കി. പൂർത്തീകരിക്കാനുള്ള പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് മുൻഗണന നൽകും. കുടിവെള്ളം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ജനമനസ്സ്‌ എൽഡിഎഫിനൊപ്പമാണെന്ന്‌ പര്യടനങ്ങളില്‍നിന്നുള്‍പ്പെടെയുള്ള സ്വീകാര്യതയില്‍നിന്ന് അറിഞ്ഞതോടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. വി ജോയി (വർക്കല)


ജനപക്ഷവികസനത്തിനായി നിലകൊള്ളും

എല്‍ഡിഎഫിന്റെ വികസന അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം. പ്രതിപക്ഷ എംഎൽഎ എന്ന നിലയിലും ഇനിയും ജനപക്ഷ വികസനത്തിനായി നിലകൊള്ളും. ഭരണപക്ഷം സ്വീകരിക്കുന്ന തെറ്റായ നടപടികൾ സഭയ്‌ക്കകത്തും പുറത്തും ചൂണ്ടിക്കാട്ടി തിരുത്തിക്കും. ആരോഗ്യ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങളിൽ തുടങ്ങിവച്ച വികസനപ്രവർത്തനം പൂർത്തിയാക്കും. എല്ലാവർക്കും ശുദ്ധജലം എത്തിക്കാനുള്ള നടപടിക്ക്‌ വേഗം കൂട്ടും. നവകേരള പദ്ധതിയടക്കം തുടങ്ങിവച്ചവയ്‌ക്ക്‌ പ്രാധാന്യം നൽകും. ബിജെപി വിജയിച്ച മണ്ഡലങ്ങളിൽ കോൺഗ്രസിന് ലഭിച്ച വോട്ട്‌ പരിശോധിച്ചാൽ ബിജെപിക്ക്‌ കോൺഗ്രസിന്റെ സഹായം ലഭിച്ചെന്ന്‌ വ്യക്തമാകും. വർഗീയ പാർടി പ്രതിനിധികൾ ജനപ്രതിനിധിയാകുന്ന ആപത്തിനെ ഗ‍ൗരവത്തോടെ കാണുന്നു.

ഒ എസ് അംബിക 
(ആറ്റിങ്ങൽ)


തുടർവികസനത്തിന് 
കരുത്തേകും

മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് കരുത്താകുന്ന ജനവിധിയാണ്‌ പാറശാലയിലെ വോട്ടർമാർ സമ്മാനിച്ചത്‌. കൂടുതൽ ആത്മവിശ്വാസം നൽകും. 15,013 വോട്ടിന്റെ തിളക്കമാർന്ന ഭൂരിപക്ഷമാണ്‌ ലഭിച്ചത്‌. വികസനത്തിനും മതേതരത്വത്തിനും ജനം നൽകിയ പിന്തുണയാണ് ഇത്‌. ജനങ്ങളുടെ ജീവിതനിലവാരത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയതും സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പാക്കിയ അടിസ്ഥാന സൗകര്യവികസനവും വിജയത്തിന് ആധാരമായി. ഉത്തരവാദിത്വം ഉൾക്കൊണ്ട്‌ മുന്നോട്ടുപോകും. തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മുൻഗണന നൽകും. രണ്ട്‌ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം വരാനിരിക്കുന്ന ആപൽഘട്ടത്തിന്റെ തുടക്കമായിട്ടാണ്‌ വിലയിരുത്തുന്നത്‌.

സി കെ ഹരീന്ദ്രൻ (പാറശാല)


എന്നും എപ്പോഴും ജനങ്ങൾക്കൊപ്പം

സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ സ്വന്തം പ്രശ്‌നമായി കണ്ട്‌ ഇടപെടുകയും നിരവധി സ്വപ്‌നപദ്ധതികൾ യാഥാർഥ്യമാക്കാനും കഴിഞ്ഞതാണ്‌ വിജയത്തിലേക്ക്‌ നയിച്ചത്‌. എല്‍ഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ കാര്യക്ഷമമായി മണ്ഡലത്തിൽ നടപ്പാക്കി. 1200 കോടി രൂപയുടെ വികസനം അഞ്ചുവർഷത്തിനിടെ നടപ്പാക്കി. ജനകീയ പ്രശ്‌നങ്ങളിലെല്ലാം ഒപ്പംനിന്നു. ക്ഷേമപദ്ധതികളും മണ്ഡലത്തിലെത്തി. ജനകീയ ചർച്ചകളിലൂടെയാണ്‌ വികസനത്തിനുള്ള മാസ്‌റ്റർപ്ലാൻ തയ്യാറാക്കിയത്‌. യാത്രാസ‍ൗകര്യത്തിന് പാലങ്ങളുടെ നിർമാണം നടന്നുവരുന്നു. സ്‌കൂളുകൾക്ക്‌ അനുവദിച്ച കെട്ടിടങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. കാലതാമസംകൂടാതെ പൂർത്തീകരണത്തിന് മുൻഗണന നൽകും. എംഎൽഎ എന്ന നിലയിൽ ഗസ്‌റ്റ്‌ റോളിൽ മണ്ഡലത്തിൽ വന്ന്‌ ഓടിപ്പോയില്ല. പല ജീവിതപ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരംകണ്ടു. അത്‌ ഇനിയും തുടരും. ജില്ലയിലെ ബിജെപിയുടെ വിജയം ദൂരവ്യാപകമായ അപകടമുണ്ടാക്കും. അത്‌ വേണ്ടവിധം ജനം മനസ്സിലാക്കാത്തതിനാല്‍ രണ്ടിടത്ത്‌ ബിജെപിക്ക്‌ വിജയമുണ്ടായി. ശക്തമായ പ്രതിപക്ഷമായി നിന്ന് മണ്ഡലത്തിൽ തുടർവികസനമെത്തിക്കാൻ പരിശ്രമിക്കും.

ജി സ്‌റ്റീഫൻ 
 (അരുവിക്കര)


ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ്‌ 
ഒപ്പംനിൽക്കും

അഞ്ചുവർഷക്കാലം ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചതിന്റെ വിശ്വാസ്യതക്കും ലഭിച്ച വലിയ അംഗീകാരമാണ് ഈ വിജയം. സംസ്ഥാനത്താകെയുണ്ടായ യുഡിഎഫ് അനുകൂല വികാരം മണ്ഡലത്തിൽ ലവലേശം ബാധിക്കാത്തതിനു കാരണവും അതാണ്. കഴിഞ്ഞ തവണത്തെക്കാൾ വീര്യത്തോടെ വരുന്ന അഞ്ചുവർഷവും ജനങ്ങൾക്കിടയിൽ ഉണ്ടാകും. അവരുടെ ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ അഭിപ്രായം മാനിച്ചുകൊണ്ടും മുന്നേറും. സഭയിൽ ശക്തമായ പ്രതിപക്ഷ പ്രതിനിധിയായും മണ്ഡലത്തിൽ ശക്തനായ ജനപ്രതിനിധിയായും തുടരും.

ജി ആർ അനിൽ (നെടുമങ്ങാട്)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home