ഇത് ബസ് "കാത്തുനിൽപ്പ്’ കേന്ദ്രം

ചെങ്കൽ പഞ്ചായത്ത് നിർമിച്ച ഇരിപ്പിടമില്ലാത്ത ബസ് കാത്തിരിപ്പ് കേന്ദ്രം
സ്വന്തം ലേഖകൻ
Published on Aug 21, 2026, 11:02 PM | 1 min read
പാറശാല
ഉദിയൻകുളങ്ങര ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവർക്ക് ബസ് ‘കാത്തുനിൽക്കാം’. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ചെങ്കൽ പഞ്ചായത്ത് ഭരണസമിതി രണ്ടുവർഷം മുമ്പ് നിർമിച്ചതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. എന്നാൽ യാത്രക്കാർക്കായി ഇരിപ്പിടങ്ങൾ ഇതുവരെയും ഒരുക്കിയിട്ടില്ല. നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്ന യാത്രക്കാരും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ധനുവച്ചപുരം, കൊച്ചോട്ടുകോണം, അഴകിക്കോണം തുടങ്ങിയ ഭാഗങ്ങളിലുള്ളവരും ബസ് കയറേണ്ടത് ഇവിടെനിന്നാണ്. പഞ്ചായത്ത് ഓഫീസ്, കെഎസ്ഇബി ഓഫീസ്, ഉദിയൻകുളങ്ങര മാർക്കറ്റ് തുടങ്ങിയവ സ്ഥിതിചെയ്യുന്ന തിരക്കേറിയ ജങ്‌ഷനിലാണ് യാത്രക്കാർക്ക് ദുരവസ്ഥ. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർ, കുട്ടികൾ തുടങ്ങിയവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. നാല് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. മുമ്പ് ഇരിപ്പിടമുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയാണ് ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ ഭാഗമാക്കിയത്. ഇരിപ്പിടത്തിന്റെ ആവശ്യം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല. ബോർഡ് ‘ബസ് കാത്തുനിൽപ്പ് കേന്ദ്ര’മെന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ പരിഹാസം.










0 comments