ജില്ലാ ആശുപത്രിയിൽ വെറ്ററിനറി ഡോക്ടറില്ല
കരുതൽ കാത്ത് അരുമമൃഗങ്ങൾ

സ്വന്തം ലേഖിക
Published on Aug 21, 2026, 11:44 PM | 1 min read
തിരുവനന്തപുരം
ജില്ലാ മൃഗാശുപത്രിയിൽ രാത്രി എട്ടുകഴിഞ്ഞാൽ ഡോക്ടർമാരുടെ ക്ഷാമം. അത്യാഹിത ഘട്ടങ്ങളിൽപ്പോലും മൃഗങ്ങളെയുംകൊണ്ട് മറ്റ് ആശുപത്രികൾ തേടേണ്ട സ്ഥിതിയാണ്. രാത്രി എത്തുന്നവരോട് കുടപ്പനക്കുന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോകാനാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. റഫറൽ ആശുപത്രിയായ ഇവിടെ എല്ലാ രോഗങ്ങളുമുള്ള മൃഗങ്ങളെ പരിചരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. അപകടങ്ങളിൽപ്പെടുന്നതും പെട്ടെന്ന് രോഗാവസ്ഥ ഗുരുതരമാകുന്നതുമായ മൃഗങ്ങളെ രാത്രിസമയങ്ങളിൽ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടി വരുന്നത് സാധാരണക്കാരായ മൃഗസ്നേഹികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ആറ് ഡ്യൂട്ടി ഡോക്ടർമാർ വേണ്ട ജില്ലാ ആശുപത്രിയിൽ അഞ്ചുപേരാണ് ഉള്ളത്. ഇവരുടെ ഡ്യൂട്ടി രാത്രി എട്ടോടെ അവസാനിക്കും. പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്‌ച ഡോക്ടർമാരെ ആവശ്യമുണ്ടെന്ന വാർത്താക്കുറിപ്പ് മൃഗസംരക്ഷണ വകുപ്പ് ഇറക്കി. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി താൽക്കാലികമായി നിയമിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ, വളർത്തുമൃഗങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം മുന്പത്തേക്കാൾ കൂടുതലായിരിക്കെ, കാലതാമസമില്ലാതെ നിയമനം നടത്താത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.










0 comments