വാഴയിൽനിന്ന് വ്യത്യസ്‌ത ഉൽപ്പന്നങ്ങൾ
മികച്ച സംരംഭകക്കുള്ള ദേശീയ അവാർഡ് സാജിറ ബാനുവിന്

മികച്ച സംരംഭകക്കുള്ള ദേശീയ അവാർഡ് സാജിറ ബാനു കേന്ദ്ര പ്ലാന്റേഷൻ ക്രോപ്പ്സ് റിസർച്ച് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. കെ ബാലചന്ദ്ര ഹെബ്ബാറിൽനിന്ന് ഏറ്റുവാങ്ങുന്നു
മലപ്പുറം
വാഴയിൽനിന്ന് വ്യത്യസ്‌ത ഉൽപ്പന്നങ്ങൾ നിർമിച്ച് ശ്രദ്ധനേടിയ കൊണ്ടോട്ടി മേലങ്ങാടി സ്വദേശി പി പി സാജിറ ബാനുവിന് മികച്ച സംരംഭകക്കുള്ള ദേശീയ അവാർഡ്. കേന്ദ്ര സർക്കാരിന്റെ ട്രിച്ചിയിലെ നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനയുടെ 2026-– 2027 വർഷത്തെ മികച്ച സംരംഭകക്കുള്ള ദേശീയ അവാർഡാണ് സാജിറയെ തേടിയെത്തിയത്. വാഴകൊണ്ടുള്ള ഏറ്റവും കൂടുതൽ കാർഷിക മൂല്യവർധന ഉൽപ്പന്നങ്ങളുടെ നിർമാണത്തിനാണ് അവാർഡ്. വാഴപ്പിണ്ടികൊണ്ടുള്ള പാനീയം ബനാന സെന്റർ കോർ സ്റ്റം ജ്യൂസ്, വാഴപ്പിണ്ടി, വാഴപ്പൂവ് അച്ചാറുകൾ, ബനാന ഫിഗ്ഗ്, ബനാന ഫിഗ് ചോക്ലേറ്റ്, ബനാന പൗഡർ ആൻഡ് കുക്കീസ്, ബനാന ഫ്ലേവേഡ് ചിപ്സുകൾ, ജാം, ഹൽവ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് സാജിറ ബാനു തയ്യാറാക്കുന്നത്. കൂടാത ചേമ്പ്, കപ്പ, തേങ്ങ എന്നിവയിൽനിന്ന് മൂല്യവർധന ഉൽപ്പന്നങ്ങൾ നിർമിക്കുന്നുണ്ട്. ബനാസ എന്റർപ്രൈസസ് പ്രൊഡക്ഷൻ മാനേജരായ സാജിറ കൊണ്ടോട്ടി ബ്ലോക്കിലെ ഗ്രീൻഡോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി അംഗംകൂടിയാണ്. വെള്ളിയാഴ്‌ച ട്രിച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്ലാന്റേഷൻ ക്രോപ്പ്സ് റിസർച്ച് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. കെ ബാലചന്ദ്ര ഹെബ്ബാറിൽനിന്ന് സാജിറ ബാനു പുരസ്കാരം ഏറ്റുവാങ്ങി.










0 comments