ad
Deshabhimani

പുന്നമടയിൽ ഇന്ന് ആരവം

വമ്പന്മാരുടെ പോരാട്ടത്തിന്‌ കളമൊരുങ്ങി

നെഹ്‌റുട്രോഫി ജലോത്സവത്തിന് സെന്റ് പയസ് ടെൻത്ത് ചുണ്ടനിൽ അവസാനഘട്ട പരിശീലനത്തുഴച്ചിൽ നടത്തുന്ന സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്
വെബ് ഡെസ്ക്

Published on Aug 22, 2026, 01:15 AM | 1 min read

ആലപ്പുഴ

പുന്നമടയിലെ 1150 മീറ്റർ ട്രാക്കിലേക്ക്‌ ശനി രാവിലെ 10 മുതൽ വമ്പന്മാർ ഓരോരുത്തരായി പാഞ്ഞെത്തും. ആലപ്പുഴയുടെ കായലാഴങ്ങളിൽ മിന്നൽപ്പിണർപകരുന്ന ചുണ്ടൻമാരുടെ ട്രാക്ക്‌ എൻട്രികളെ ആരവങ്ങളോടെ ആരാധകർ സ്വീകരിക്കും. ആലപ്പുഴ നെഞ്ചേറ്റുന്ന ജലമാമാങ്കത്തിന്‌ അവിടെ അരങ്ങുണരും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സുകൾ തുടങ്ങുന്നതോടെ ആവേശം പാരമ്യത്തിലെത്തും. 72–ാമത്‌ നെഹ്‌റുട്രോഫി മത്സരങ്ങൾക്കായി പുന്നമട ഒരുങ്ങിക്കഴിഞ്ഞു. 22 ചുണ്ടൻവള്ളം ഉൾപ്പെടെ 71 കളിവള്ളമാണ്‌ ഇക്കുറി ഒളപ്പരപ്പിലെ വേഗപ്പോരിനിറങ്ങുക. ചുണ്ടൻ വിഭാഗത്തിൽ 22 വള്ളം ആറ്‌ ഹീറ്റ്‌സിലായി മത്സരിക്കും. ആദ്യ നാല് ഹീറ്റ്‌സിൽ നാലുവീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്ന് വള്ളവുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളം ഫൈനൽ പോരാട്ടത്തിനിറങ്ങും. ആദ്യ ഒമ്പത്‌ സ്ഥാനക്കാർ ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗിലും ഏറ്റുമുട്ടും. ചുരുളൻ-–രണ്ട്‌, ഇരുട്ടുകുത്തി എ-– മൂന്ന്‌, ഇരുട്ടുകുത്തി ബി–-16, ഇരുട്ടുകുത്തി സി-–14, വെപ്പ് എ-– അഞ്ച്‌, വെപ്പ് ബി-–നാല്‌, തെക്കനോടി തറ-–ഒന്ന്‌, തെക്കനോടി കെട്ട്-–നാല്‌ എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ വള്ളങ്ങളുടെയെണ്ണം. പകൽ 11ന്‌ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ്‌ മത്സരം ആരംഭിക്കും. പകൽ രണ്ടിന്‌ മുഖ്യമന്ത്രി വി ഡി സതീശൻ ജലോത്സവം ഉദ്‌ഘാടനംചെയ്യും. ശേഷം വള്ളങ്ങളുടെ വർണാഭമായ മാസ്ഡ്രിൽ അരങ്ങേറും. തുടർന്ന്‌ ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലുകളും നടക്കും. വൈകിട്ട്‌ നാലോടെയാണ്‌ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ. സ്‌റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങൾ വെള്ളി പകൽ പരിശോധിച്ച്‌ കൃത്യത ഉറപ്പാക്കി. പൂ‌ർണമായും ഹരിതചട്ടം പാലിച്ചാണ് മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home