ജയിച്ച് വാടാ മക്കളേ...

കോട്ടയം പുന്നമടക്കായലിൽ ഓളത്തിന് തീപിടിപ്പിക്കാൻ കോട്ടയത്തെ ചുണ്ടൻ വള്ളങ്ങൾ റെഡി. ശനിയാഴ്‌ച നടക്കുന്ന നെഹ്‌റു ട്രോഫി ജലമേളയിൽ ജില്ലയുടെ പ്രതീക്ഷകൾ തോളിലേറ്റി അഞ്ച് ചുണ്ടന്മാർ മത്സരിക്കും. പരിശീലനം പൂർത്തിയാക്കി പോരാട്ടത്തിന് സജ്ജമായ വള്ളങ്ങൾ 110 തുഴക്കാരുമായി രാവിലെ ആലപ്പുഴയിലേക്ക് പുറപ്പെടും. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ (കെടിബിസി) പുണ്യാളൻ നിരണം ചുണ്ടൻ, കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര ചുണ്ടൻ, നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന, കെടിബിസി ഫാൻസ് ക്ലബ്ബിന്റെ ശ്രീവിനായകൻ, നാട്ടകം ഫാൻസ് ക്ലബ്ബിന്റെ ജവഹർ തായങ്കരി എന്നിവയാണ് മത്സരിക്കുന്നത്. വെള്ളിയാഴ്‌ച വിശ്രമ ദിവസമായിരുന്നു. വള്ളങ്ങളെല്ലാം പോളിഷ് ചെയ്‌ത് മിനുക്കിയിട്ടുണ്ട്. കുമരകത്തിന്റെയും അപ്പർ കുട്ടനാടിന്റെയും കരുത്ത് ആവാഹിച്ച് പുന്നമടയിലെത്തുന്ന ചുണ്ടന്മാർ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ഹാട്രിക്കടക്കം നിരവധി തവണ നെഹ്‌റു ട്രോഫി കിരീടം ചൂടിയിട്ടുണ്ട് കുമരകം ടൗൺ ബോട്ട് ക്ലബ്. ചാംപ്യൻസ് ബോട്ട് ലീഗിലെയും ശ്രദ്ധേയ പ്രകടനം ടീമിന് പ്രതീക്ഷ നൽകുന്നു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് രണ്ടാം തവണയാണ് നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്നത്. നാട്ടകം ബോട്ട് ക്ലബ് ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും നെഹ്റു ട്രോഫി മത്സരത്തിനിറങ്ങുന്നത് ചെറുതന ചുണ്ടനിലാണ്. നാട്ടകം ഫാൻസ് ബോട്ട് ക്ലബ്ബിന്റെയും കെടിബിസി ഫാൻസ് ക്ലബ്ബിന്റെയും ചുണ്ടൻമാർ മത്സരത്തിനിറങ്ങുന്നുണ്ട്.









0 comments