print edition ദേവപ്രിയയുടെ സ്വപ്‌നം ട്രാക്കിൽ

ജോബി ജോർജ്
Published on Aug 22, 2026, 01:19 AM | 1 min read
ഇടുക്കി: മെഡലുകളും ട്രോഫികളും നനയാതെ വയ്‌ക്കാൻ അടച്ചുറപ്പുള്ള വീടെന്ന ദേവപ്രിയ ഷൈബുവിന്റെ സ്വപ്‌നം സഫലമായി. കായികപ്രതിഭയുടെ ആഗ്രഹം ഏറ്റെടുത്ത സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് വീട് നിർമിച്ചുനൽകിയത്. പ്രതിപക്ഷനേതാവ് പിണറായി വിജയൻ വെള്ളിയാഴ്‌ച താക്കോൽ കൈമാറി.
ദേവപ്രിയയുടെ അച്ഛൻ പാലത്തുംതലയ്‌ക്കൽ പി കെ ഷൈബു, അമ്മ ബിസ്‌മി, കായികതാരമായ മൂത്തസഹോദരി ദേവനന്ദ, ഇളയ സഹോദരൻ ദേവാനന്ദ് എന്നിവർ ചേർന്ന് പിണറായിയെ വീട്ടിലേക്ക് സ്വീകരിച്ചു. അമ്മ ബിസ്‌മി അടുപ്പിൽ തീ പകർന്നു. ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, മുതിർന്ന നേതാവ് എം എം മണി എന്നിവരും പങ്കെടുത്തു.
കഴിഞ്ഞവർഷം സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ്‍ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ റെക്കോഡ് സ്ഥാപിച്ചായിരുന്നു കാൽവരി എച്ച്‌എസ്‌എസിലെ ദേവപ്രിയയുടെ സുവർണനേട്ടം. 1987ൽ കണ്ണൂർ സ്‍പോർട്സ് ഡിവിഷനിലെ ബിന്ദു മാത്യുവിന്റെ റെക്കോഡാണ് ‘കാൽവരി എക്‌സ്‌പ്രസ്’ മറികടന്നത്.
അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ഏഴുപേരാണ് കാൽവരി മൗണ്ട് കൂട്ടക്കല്ലിലെ തുണികൊണ്ട് മറച്ച പഴയവീട്ടിൽ കഴിഞ്ഞത്. ദേവപ്രിയ റെക്കോഡ് തിരുത്തിക്കുറിച്ചയുടൻ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വീട് നിർമിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാലുകിടപ്പുമുറിയും ഹാളും സിറ്റൗട്ടും അടുക്കളയും വർക്ക്ഏരിയയും ഉൾപ്പെടുന്ന വീട് 25 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്.
ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും ഫർണിച്ചർ നൽകി. 2025 ഒക്‌ടോബർ 29ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വീടിന് കല്ലിട്ടത്.










0 comments