print edition ക്ഷേമപെൻഷൻ മസ്‌റ്ററിങ് മെല്ലെപ്പോക്ക്; 20 ലക്ഷത്തിലേറെ പേർ ബാക്കി

സ്വന്തം ലേഖകൻ
Published on Aug 22, 2026, 01:16 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമനിധി പെൻഷൻ ഉൾപ്പെടെ സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ് ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും 20 ലക്ഷത്തിലേറെ പേർ ബാക്കി. സെപ്‌തംബർ 30വരെയാണ് സമയപരിധി. ക്ഷേമപെൻഷൻ വിതരണം സെപ്‌തംബറിനുശേഷം തടസ്സപ്പെട്ടേക്കാം. ഗുണഭോക്താക്കളുടെ എണ്ണത്തിൽ കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്ന സർക്കാർ ഇക്കാര്യത്തിൽ കടുംപിടുത്തം തുടർന്നാൽ ലക്ഷക്കണക്കിനാളുകൾ പദ്ധതിയിൽനിന്ന് പുറത്താകും.
ക്ഷേമപെൻഷൻ ലഭിക്കുന്ന 51,66,720 പേരും ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന 14,40,085 പേരുമുണ്ടെന്നാണ് സർക്കാർ കണക്ക്. ക്ഷേമപെൻഷൻകാരിൽ 36,95,435 പേർ മാത്രമാണ് നിലവിൽ മസ്‌റ്ററിങ് പൂർത്തിയാക്കിയത്. 14,71,285 പേർ ബാക്കിയുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് മസ്‌റ്ററിങ് ചെയ്യാനാകാത്തതും കാരണമാണ്. 33 ക്ഷേമനിധികളിലായി 9,05,539 ഗുണഭോക്താക്കൾ മസ്‌റ്ററിങ് ചെയ്യാനുണ്ട്. ഇതിലും 5,34,546 പേർ ബാക്കിയുണ്ട്. നിർമാണത്തൊഴിലാളി ക്ഷേമനിധിയിലാണ് കൂടുതൽ– 5,07,779 പേർ. ഇതിൽ 3,47,093 പേർ മസ്‌റ്ററിങ് പൂർത്തിയാക്കി. 1.60 ലക്ഷം പേരാണ് ബാക്കി. കാർഷിക പെൻഷനിൽ 1,31,238, തയ്യൽത്തൊഴിലാളി ക്ഷേമനിധിയിൽ 45,025 എന്നിങ്ങനെ പൂർത്തിയാക്കാനുണ്ട്.
എൽഡിഎഫ് സർക്കാർ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം കണ്ടെത്തിയായിരുന്നു പെൻഷൻ വിതരണം. ഇതിനായി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് രൂപീകരിച്ചിരുന്നു. യുഡിഎഫ് വന്നതോടെ ഇത് പിരിച്ചുവിട്ടു. ഇതോടെ സർക്കാർ അതത് മാസം പണം നൽകണം.










0 comments