വേങ്ങരയിൽ മുസ്ലിംലീഗിന് അഗ്നിപരീക്ഷ

സ്വന്തം ലേഖകൻ
വേങ്ങര
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെച്ചൊല്ലി മുസ്ലിംലീഗിൽ കലാപം കൊടുമ്പിരികൊണ്ടിരിക്കെ അംഗങ്ങൾക്ക് വിപ്പ് നൽകി നേതൃത്വം. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ നിലവിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി കെ അബു ത്വാഹിറിനെ പ്രസിഡന്റാക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദേശം. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരൂരങ്ങാടിയിലേക്ക് വിളിച്ചുവരുത്തി മുഴുവൻ അംഗങ്ങൾക്കും സംസ്ഥാന സെക്രട്ടറി പി എം എ സലാം രേഖാമൂലം വിപ്പ് നൽകുകയായിരുന്നു. മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി യോഗം ഒറ്റക്കെട്ടായി നേതൃത്വത്തിന്റെ നിർദേശം തള്ളിക്കളഞ്ഞിരുന്നു. പ്രസിഡന്റ് പി കെ അസ്ലുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നേതൃത്വം നൽകിയ കത്ത് നിരീക്ഷകനായ എം കെ ബാവ വായിച്ചതോടെ പ്രതിഷേധം ആളിപ്പടരുകയായിരുന്നു. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറിയുമായ ഇ കെ സുബൈർ ബ്ലോക്ക് പ്രസിഡന്റാകണമെന്ന് ആവശ്യപ്പെട്ട് യോഗത്തിൽ അംഗങ്ങൾ പ്രമേയം അവതരിപ്പിച്ച് പാസാക്കി. കണ്ണമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻകൂടിയായ നെടുമ്പള്ളി സെയ്തു അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. യോഗവിവരം എം കെ ബാവ ധരിപ്പിച്ചതിനെ തുടർന്നാണ് സംസ്ഥാന സെക്രട്ടറിതന്നെ നേരിട്ട് രംഗത്തെത്തിയത്. കഴിഞ്ഞ ആഗസ്ത് 10നാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ രാജിവച്ചത്. ജില്ലാ കമ്മിറ്റിയുടെ നിർദേശം അനുസരിച്ചായിരുന്നു രാജി. എന്നാൽ ഇക്കാര്യം മണ്ഡലം കമ്മിറ്റിക്കാർപോലും അറിയില്ലെന്നാണ് കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിൽ പറയുന്നത്. ശനിയാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കടുത്ത നിലപാടിലേക്ക് അംഗങ്ങൾ പോകാനുള്ള സാധ്യത ഏറെയാണ്. പ്രതിപക്ഷത്ത് ഒരാൾപോലുമില്ലാത്ത വേങ്ങര ബ്ലോക്കിൽ വിപ്പ് ലംഘിച്ച് മുസ്ലിംലീഗ് അംഗങ്ങൾ മറ്റൊരാൾക്ക് വോട്ടുചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.










0 comments