യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ്
പി കെ നവാസ് എംഎൽഎയുടെ പക്ഷത്തിന് പരാജയം

വള്ളിക്കുന്ന്
വള്ളിക്കുന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പിടിക്കാനുള്ള പി കെ നവാസ് എംഎൽഎ പക്ഷത്തിന്റെ നീക്കം പാളി. ഭാരവാഹി തെരഞ്ഞെടുപ്പിൽ പി കെ നവാസ് എംഎൽഎയുടെ പിന്തുണയോടെ മത്സരിച്ച പാനൽ പരാജയപ്പെട്ടു. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പിടിച്ചെടുക്കാൻ മൂന്നിയൂർ സ്വദേശിയായ നവാസിന്റെ നേതൃത്വത്തിൽ അണിയറയിൽ ശക്തമായ കരുനീക്കങ്ങൾ നടത്തിയിരുന്നു. ജാഫർ ചേളാരി പ്രസിഡന്റും കെ സഹദ് ചേലേമ്പ്ര സെക്രട്ടറിയുമായ പാനലാണ് നവാസ് പക്ഷം രംഗത്തിറക്കിയത്. ഇതിനെതിരെ ഔദ്യോഗിക പക്ഷം മത്സരിപ്പിച്ച തേഞ്ഞിപ്പലത്തെ ടി പി നബീൽ പ്രസിഡന്റും പെരുവള്ളൂരിലെ റഹിം പാറായി സെക്രട്ടറിയുമായ പാനൽ വിജയിച്ചു. കൗൺസിലെ 200 അംഗങ്ങളിൽ 198 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. നാല് വോട്ടുകൾ അസാധുവായി. 122 വോട്ടുകൾ നേടിയാണ് ഔദ്യോഗിക പാനലിന്റെ വിജയം. എംഎൽഎയുടെ സ്‌ഥാനാർഥികൾക്ക് 72 വോട്ടുകളാണ് ലഭിച്ചത്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ വിദ്യാർഥി പ്രവേശന കോഴ വിവാദം ഉയർത്തിയത് മണ്ഡലം യൂത്ത് ലീഗായിരുന്നു. നിലവിലെ കമ്മിറ്റിയെ അനുകൂലിക്കുന്നവർ ഔദ്യോഗിക പദവികളിൽ വരാതിരിക്കാൻ ഉന്നത നേതൃത്വങ്ങൾ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. മന്ത്രി, എംഎൽഎ, മുൻ എംഎൽഎ എന്നിവരൊക്കെ അടിത്തട്ടിൽ ഇറങ്ങി സ്വാധീനംചെലുത്തിയിട്ടും നവാസ് എംഎൽഎയുടെ പാനൽ പരാജയപ്പെട്ടത് നേതൃത്വത്തിനിടയിൽ ചർച്ചയായി. പി കെ നവാസ് കൗൺസിലിനെത്തി വോട്ട് ചെയ്തിരുന്നു.










0 comments