ആഘോഷത്തിന് തിരികൊളുത്താൻ നാടൊരുങ്ങി
സ്മോക്ക് ബോംബുണ്ട്, പോരെങ്കിൽ അവെഞ്ചേഴ്‌സും

ദീപാവലിയുടെ ഭാഗമായി നഗരത്തിൽ തുറന്ന പടക്കക്കട
ചാല
കണ്ടാൽ ഗ്യാസ് സിലിണ്ടറിന്റെ രൂപമാണെങ്കിലും സംഭവം കളറാണ്. ഇത്തവണ, ദീപാവലിക്ക് വിപണി കീഴടക്കാൻ സ്മോക്ക് ബോംബ് റെഡി. കൂടെ, അവെഞ്ചേഴ്‌സ് പൂക്കുറ്റിയും ബാറ്റ് കമ്പിത്തിരിയും. ആഘോഷത്തിന് ഒരു ദിവസംമാത്രം ശേഷിക്കെ പടക്ക വിപണിയാകെ ഉഷാറാണ്. ഒരാഴ്ചമുമ്പുതന്നെ കൗമാരക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ടെത്തിയ പുതിയ വെറൈറ്റികളുമായി ചാലത്തെരുവും സജീവം. കാലം മാറിയതോടെ പടക്കങ്ങളോടുള്ള ഇഷ്ടത്തിലും മാറ്റങ്ങൾ വന്നതായി കച്ചവടക്കാർ പറയുന്നു. ഉഗ്ര ശബ്ദമുള്ള പടക്കങ്ങളെക്കാൾ വർണം വാരി വിതറുന്ന ഫാൻസി പടക്കങ്ങളോടാണ് കൂടുതൽ പ്രിയം. പലനിറങ്ങളിലുള്ള കളർഫുൾ പീക്കോക്, നിലത്തെറിഞ്ഞാൽ പൊട്ടുന്ന പൊട്ടാസ്, വർണത്തിൽ തീപ്പൊരി ചിതറുന്ന ഗോൾഡൻ ഡിസ്കോ തറച്ചക്രം, തൃശൂൽ കമ്പിത്തിരി എന്നിവയാണ് പുത്തൻ താരങ്ങൾ. എന്തൊക്കെ വന്നാലും ഫീൽഡ് ഒൗട്ടാകാത്ത റിങ് പൊട്ടാസിനും ആവശ്യക്കാരേറെ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിൽ സ്ഥിരതാമസമാക്കിയവരും ചാലയിലെ തമിഴ് കുടുംബങ്ങളും അതിഥിത്തൊഴിലാളികളുമെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്. ശനിയാഴ്ച പടക്ക വിപണി കൂടുതൽ സജീവമാകും. മുൻവർഷത്തേക്കാൾ, വില 30 ശതമാനംവരെ കൂടുതലാണ്. ശിവകാശിയിൽനിന്നുമാണ് കൂടുതൽ പടക്കങ്ങളും. നന്ദിയോട്ടുനിന്നുള്ള പടക്കങ്ങളും വിപണിയിലുണ്ട്. ഹരിതച്ചട്ടം പാലിക്കണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. കനത്ത മഴ ബാധിച്ചില്ലെങ്കിൽ ഇത്തവണ ദീപാവലി പൊടിപൊടിക്കുമെന്നും കച്ചവടക്കാർ പറഞ്ഞു.









0 comments