വർക്കലയ്ക്ക് തിളക്കമേകി രംഗകലാകേന്ദ്രം
print edition ലോകത്തിന് മുന്നിൽ കേരളീയകലയുടെ വിസ്മയം

സുധീർ വർക്കല
Published on Mar 19, 2026, 04:17 AM | 1 min read
വർക്കല: നാടൻ കലകളുടെയും ആയോധന കലകളുടെയും സംസ്കാരവും പൈതൃകവും വർക്കലയിൽനിന്ന് ലോകമെമ്പാടുമെത്തുന്നു. ഇന്ത്യയിൽ പൊതുമേഖലയിൽ ആദ്യമായി തുറന്ന രംഗകലാകേന്ദ്രം (സെന്റർ ഫോർ പെർഫോമിങ് ആർട്‌സ്) 13.48 കോടിയോളം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. കേരളത്തിലെ ക്ലാസിക്കൽ, നാടൻ, ഗിരിവർഗ കലാരൂപങ്ങൾ അവതരിപ്പിക്കാനും അവയെ പരിപോഷിപ്പിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്. വർക്കലയുടെ സമഗ്ര വികസനത്തിനായി രൂപീകരിച്ച വിഷൻ വർക്കല ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് കോർപറേഷൻ (വിവിഡ്) വഴിയാണ് പദ്ധതി നടപ്പാക്കിയത്. വിനോദസഞ്ചാര വകുപ്പിൽനിന്ന് വിട്ടുകിട്ടിയ രണ്ടേക്കറിൽ 13,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടസമുച്ചയം നിർമിച്ചത്.
13.48 കോടിയോളം രൂപ ചെലവഴിച്ച് കേരളീയ വാസ്തു ശൈലിയിലാണ് നിർമാണം. കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള പെർഫോമൻസ് ഹാൾ, കളരിത്തറ, 2000 ചതുരശ്രയടിയുള്ള ചുവർ ചിത്രം, ആംഫി തിയറ്റർ, ആമ്പൽക്കുളം, ആനപ്പള്ള ചുറ്റുമതിൽ എന്നിവ കേന്ദ്രത്തിലുണ്ട്. പാരമ്പര്യകലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ-ആധുനിക കലാരൂപങ്ങളുടെ താരതമ്യ പഠനത്തിനും പാരമ്പര്യ കലകൾ അവതരിപ്പിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
മനോഹരമായ കെട്ടിടം, അലങ്കാര തടിപ്പണികൾ, ഏവരെയും ആകർഷിക്കുന്ന ചുവർചിത്രം എന്നിവ പ്രത്യേകതയാണ്. കേന്ദ്രത്തിൽ ദ്വൈവാര പരിപാടിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഭരതനാട്യം, മോഹിനിയാട്ടം, സംഗീതക്കച്ചേരി തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചുവരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് കേന്ദ്രത്തിന്റെ മുഖ്യ ഉപദേഷ്ടാവ്.










0 comments