ad
Deshabhimani

ധവളപത്രം വസ്‌തുതകൾ പലതും 
മറച്ചവച്ചു: കെ എൻ ബാലഗോപാൽ

The White Paper concealed many facts

ധവളപത്രത്തെക്കുറിച്ച്‌ കേരള സാമ്പത്തിക ഫോറം സംഘടിപ്പിച്ച ചർച്ചയിൽ മുൻ ധനമന്ത്രി 
കെ എൻ ബാലഗോപാൽ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 12:43 AM | 1 min read

തിരുവനന്തപുരം

കേന്ദ്രവിഹിതത്തിലെ വെട്ടിക്കുറവുകളും യുജിസി, എസ്‌എസ്‌കെ, സ്‌കൂൾ ഉച്ചഭക്ഷണം, നെല്ല്‌ സംഭരണം തുടങ്ങിയവയ്‌ക്കായി കിട്ടാനുള്ള പണവും കണക്കാക്കാതെയാണ്‌ സംസ്ഥാന സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കിയതെന്ന്‌ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ മൂലധനച്ചെലവ്‌ 1.3 ശതമാനമാണെന്നതും വസ്‌തുതാപരമല്ല– ധവളപത്രത്തെക്കുറിച്ച്‌ കേരള സാമ്പത്തിക ഫോറം പ്രസ്‌ക്ലബ്ബിൽ സംഘടിപ്പിച്ച ചർച്ചയിൽ അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്കുള്ള 13,000 കോടിയും കിഫ്‌ബി വഴി ചെലവിടുന്ന പണവും മൂലധനച്ചെലവാണ്‌– പാലവും റോഡും കെട്ടിടങ്ങളുമെല്ലാം നിർമിക്കാൻ ഉപയോഗിക്കുന്ന പണം. അതിനാൽ മൂലധനച്ചെലവ്‌ കുറഞ്ഞു എന്നത്‌ വസ്‌തുതയല്ല. ആറു ലക്ഷം കോടിയാണ്‌ കടമെന്നായിരുന്നു യുഡിഎഫ്‌ ആക്ഷേപം. അത്രയും വരില്ലെന്ന്‌ അന്നത്തെ ധനമന്ത്രി എന്ന നിലയിൽ പറഞ്ഞിട്ടും യുഡിഎഫ്‌ അംഗീകരിച്ചില്ല. എന്നാൽ ധവളപത്രത്തിൽ അത്‌ 5.07 ലക്ഷം കോടിയായി. യഥാർഥത്തിൽ അത്രയും വരില്ല. ജീവനക്കാർക്ക്‌ ഒരുലക്ഷം കോടിയോളം കൊടുക്കാനുണ്ട്‌ എന്നായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പറഞ്ഞുകൊണ്ടിരുന്നത്‌. അദ്ദേഹംതന്നെ പുറത്തുവിട്ട ധവളപത്രത്തിൽ എല്ലാ ബാധ്യതകളുംകൂടി 48,000 കോടിയാണെന്ന്‌ പറയുന്നു. കേന്ദ്രസർക്കാർ നൽകേണ്ട തുക കുടിശ്ശികയുള്ളത്‌ ധവളപത്രം കാണുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണെന്ന്‌ പറയുന്നവർ സംസ്ഥാനത്തിന്റെ ആകെ ചെലവിന്റെ 72 ശതമാനവും നിർവഹിക്കുന്നത്‌ തനത്‌ വരുമാനത്തിൽനിന്നാണെന്നത്‌ മറച്ചുവയ്‌ക്കുന്നു– അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്‌ണൻ മോഡറേറ്ററായി. ധവളപത്രം തയ്യാറാക്കിയ സമിതിയിലുണ്ടായിരുന്ന പ്രൊഫ. സി വീരമണി, ആസൂത്രണ ബോർഡ്‌ മുൻ അംഗം പ്രൊഫ. ആർ രാമകുമാർ, സിഡിഎസിലെ പ്രൊഫ. എം പരമേശ്വരൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സന്തോഷ് ടി വർഗീസ് സ്വാഗതവും ട്രഷറർ പ്രൊഫ. എസ്‌ കെ ഗോഡ്‌വിൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home