ലക്ഷ്യം സെമിഫൈനൽ
കൊന്പൻസിന് വേണം ആധികാരിക ജയം

ട്രിവാൻഡ്രം കൊന്പൻസ് ടീം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നു
തിരുവനന്തപുരം
വെള്ളിയാഴ്‌ച തലസ്ഥാനത്തിന്റെ ആകാശത്ത് തുലാവർഷപ്പെയ്‌ത്തുണ്ടെങ്കിലും ഇല്ലെങ്കിലും ഹോം ഗ്രൗണ്ടിൽ ഗോൾ മഴയിൽ കുറഞ്ഞതൊന്നും ട്രിവാൻഡ്രം കൊന്പൻസ് പ്രതീക്ഷിക്കുന്നില്ല. ആധികാരിക ജയത്തോടെ മൂന്ന് പോയിന്റ് നേടിയാൽ മാത്രമേ സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ടൂർണമെന്റിൽ സെമിസാധ്യത ഉറപ്പാക്കാനാകൂ. പിഴവുകൾ തിരുത്തി, പുതിയ തന്ത്രങ്ങളുമായിട്ടാണ് ടീം വെള്ളിയാഴ്‌ച കളത്തിലിറങ്ങുക. ആദ്യഘട്ടത്തിലെ അവസാനവട്ട മത്സരത്തിനിറങ്ങുന്ന കൊന്പൻസിന് വെള്ളിയാഴ്‌ച തൃശൂർ മാജിക് എഫ്സിയാണ് എതിരാളികൾ. സ്വന്തം തട്ടകത്തിൽ ആരാധകരുടെ പിന്തുണ കരുത്താക്കി വിജയിക്കുമെന്ന് പരിശീലകൻ ഇയാൻ ഗില്ലൻ ഉറപ്പിക്കുന്നു. നാല് മത്സരത്തിൽനിന്നായി നാലു പോയിന്റുണ്ട് കൊന്പന്മാർക്ക്. രണ്ട് തോൽവിയും ഷൂട്ടൗട്ടിലൂടെ രണ്ട് വിജയവും. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് തൃശൂർ. സമനിലയായാൽ ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്താനുള്ള തീരുമാനമാണ് കൊന്പന്മാർക്ക് ഇതുവരെ തുണയായത്. ഹോംഗ്രൗണ്ടായ തിരുവനന്തപുരത്ത് കളിച്ച രണ്ട് മത്സരങ്ങളിലും വിജയിക്കാനായതും ആത്മവിശ്വാസം വർധിപ്പിക്കുന്നു. കഴിഞ്ഞ സീസൺ ചാമ്പ്യന്മാരായ കണ്ണൂർ എഫ്സിയെയും കരുത്തരായ മലപ്പുറം എഫ്സിയെയുമാണ് ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയത്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരാണെങ്കിലും ഇത്തവണ ആ കരുത്തിലേക്കെത്താൻ തൃശൂർ മാജിക് എഫ്‌സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിരോധത്തിലെ വിള്ളലും ആക്രമണത്തിലെ മെല്ലെപ്പോക്കുമാണ് കൊന്പൻസിന്റെ ദൗർബല്യങ്ങൾ. ലഭിക്കുന്ന അവസരങ്ങൾ ലക്ഷ്യത്തിലേക്കെത്തിക്കാൻ മുന്നേറ്റക്കാർക്ക് കഴിയാറില്ല. ഗോൾകീപ്പർ സത്യജിത് ബർദലോ കോട്ടപോലെ ഉറച്ചുനിൽക്കുന്നതുകൊണ്ടാണ് ഷൂട്ടൗട്ടിൽ എതിരാളികൾ അടിയറവ് പറയുന്നത്.









0 comments