print edition രോഗികളുടെ വ്യക്തിവിവരങ്ങൾ വിൽക്കും

തിരുവനന്തപുരം: പൊതുജനാരോഗ്യരംഗം തകർത്ത് വൻതോതിൽ സ്വകാര്യ മൂലധന നിക്ഷേപത്തിനും ഡാറ്റചോർച്ചയ്ക്കും സർക്കാർ കളമൊരുക്കുന്നു. സമഗ്ര ആരോഗ്യനയം രൂപീകരിക്കാനെന്ന പേരിൽ മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച ആരോഗ്യ ടാസ്ക് ഫോഴ്സിന്റെ നിർദേശങ്ങളില്‍ ദുരൂഹതയേറുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ ഏറ്റെടുക്കുകയും സ്വകാര്യ ലാബ് ശൃംഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ് ആരോഗ്യമേഖലയിലെ വൻ വ്യവസായികളെ ഉൾപ്പെടുത്തി തിടുക്കത്തിൽ കൊണ്ടുവന്ന സമിതിയുടെ ലക്ഷ്യം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയിൽ വ്യക്തിയുടെ ആരോഗ്യവിവരങ്ങളെല്ലാം അടങ്ങിയ ഡിജിറ്റൽ രേഖ കൈമാറുന്നത് ആശങ്കാജനകമാണ്. രോഗം മുൻകൂട്ടി നിർണയിക്കുന്നതിന്റെ പേരിൽ നടക്കുന്ന പരിശോധനകളുടെ മറവില്‍ വ്യക്തിവിവരങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറി ലാഭം കൊയ്യാനാണ് നീക്കം. സർക്കാർ ആശുപത്രികളിലെ സൗജന്യചികിത്സയെ ഉൾപ്പെടെ ഇത് ഗുരുതരമായി ബാധിക്കും. കേരള പ്രിവന്റീവ് ഹെല്‍ത്ത് പാസ്പോര്‍ട്ട് (കെ പാസ്) എന്ന പേരിൽ വ്യക്തികളുടെ ആരോഗ്യവിവരം ശേഖരിക്കാനും ലക്ഷ്യമിടുന്നു. സ്വകാര്യ ലാബ് ശൃംഖലയിൽ രാജ്യത്തെ പ്രധാനിയായ മഹാജൻ ഇമേജിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയുൾപ്പെടെ സമിതിയിലുണ്ട്.
എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ഇ–ഹെൽത്ത് സംവിധാനത്തിലൂടെ വ്യക്തികളുടെ രോഗവിവരം ഡിജിറ്റൽ രേഖയായി സർക്കാരിന്റെ കൈവശമുള്ളപ്പോൾ സ്വകാര്യ പങ്കാളിത്തത്തോടെ ഹെല്‍ത്ത് പാസ്പോർട്ട് നടപ്പാക്കുന്നത് ദുരൂഹതയ്ക്കിടയാക്കുന്നു. ആരോഗ്യ ടാസ്ക് ഫോഴ്സിന്റെ ആദ്യയോഗത്തിൽ സ്വകാര്യ മേഖലയിൽനിന്നുള്ളവർ അവതരിപ്പിച്ച പ്രസന്റേഷനിലാണ് ഇൗ നിർദേശങ്ങൾ.
നോർക്ക ഗ്ലോബൽ ഫണ്ട് വഴി 1000 കോടിയുടെ വിദേശ നിക്ഷേപം സമാഹരിക്കാനും നിർദേശമുണ്ട്. പതിനായിരം ഗ്ലോബൽ അംഗങ്ങളെ കണ്ടെത്തി 10 ലക്ഷം വീതം നിക്ഷേപം കണ്ടെത്താനാണ് നിർദേശം. വ്യവസായികളിൽനിന്നും ഇൻഷുറൻസ് കമ്പനികളിൽനിന്നും ഫണ്ട് കണ്ടെത്താം. പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിലാക്കാനാണ് ലക്ഷ്യം. വിദേശ കുത്തകകൾക്ക് ഉൾപ്പെടെ ആരോഗ്യ പാസ്പോർട്ട് വഴി രോഗികളുടെ വിവരങ്ങൾ ലഭ്യമാകാനും സാധ്യതയേറെ.
ആരോഗ്യവകുപ്പുമായി ആലോചിക്കാതെ മുഖ്യമന്ത്രി നേരിട്ട് രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്താത്തതിനുപിന്നിൽ കച്ചവട താൽപ്പര്യമാണ്. പതിനാറംഗ സമിതിയിൽ ആറുപേർ സ്വകാര്യ മേഖലയിൽനിന്നാണ്.








0 comments