സ്നേഹസ്‌പര്‍ശം കലയിലൂടെയും

സ്വന്തം ലേഖിക
കോഴിക്കോട്
ചായങ്ങളും വര്‍ണങ്ങളും ചാലിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമൊരുക്കി ഒരുകൂട്ടം ഡോക്ടര്‍മാര്‍. വേദനയനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തിയ അവര്‍ കലയിലൂടെയും കൈത്താങ്ങാകുകയാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽനിന്ന് 24ാം ബാച്ചായി പഠിച്ചിറങ്ങിയ ഡോക്ടര്‍മാരാണ് സ്നേഹസ്പര്‍ശം എന്ന പേരിൽ ചിത്രപ്രദര്‍ശനവും വന്യജീവി ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചത്. വിൽപ്പനയിൽനിന്ന് ലഭിക്കുന്ന തുക പൂര്‍ണമായും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ (ഐപിഎം) സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങൾക്കാണ് ഉപയോഗിക്കുക. ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശനമുള്ളത്. 35 ഫോട്ടോകൾ ഉൾപ്പെടെ 70ൽപ്പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. അക്രിലിക്, ജലച്ചായം തുടങ്ങി വിവിധ രീതികളിലാണ് ചിത്രങ്ങൾ തീര്‍ത്തത്. ഓരോരുത്തരും തിരക്കിട്ട ജീവിതത്തിലെ ഇടവേളകളിൽ തീര്‍ത്ത കുഞ്ഞു കലാസൃഷ്ടികളാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. യുകെയിൽ എമര്‍ജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവര്‍ത്തിക്കുന്ന ഡോ. നാസറാണ് ചിത്രപ്രദര്‍ശനമെന്ന ആശയം സഹപാഠികൾക്കിടയിൽ അവതരിപ്പിച്ചത്. ഓരോ വര്‍ഷവും ഒത്തുകൂടാറുണ്ടെങ്കിലും ഇത്തവണ ഒറ്റപ്പെടുന്നവരെ ചേര്‍ത്തുനിര്‍ത്തുകയെന്ന ചിന്ത എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. ഡോ. സരിത, ഡോ. രേഖ, ഡോ. പി എൻ വാസുദേവൻ, ഡോ. ആര്‍ കെ റൂബി, ഡോ. ഉരത് സുരേഷ്, ഡോ. മാത്യു, ഡോ. സാറ നാസര്‍ എന്നിവരുടേതാണ് കലാസൃഷ്ടികൾ. മലമ്പുഴ, നെല്ലിയാമ്പതി തുടങ്ങി കെനിയയിൽ നിന്നെടുത്ത അപൂര്‍വ ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ഡോ. എം കെ മുനീര്‍ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ഡോ. എം ജി ഷാജി അധ്യക്ഷനായി. സിറ്റി പൊലീസ് കമീഷണര്‍ എ പി ഷൗക്കത്ത് അലി, ആര്‍ എൽ ബൈജു, ഡോ. ടി പി അഷ്റഫ്, ഡോ. കെ രഞ്ജിനി, ഡോ. വി കെ മുഹമ്മദ് സുബൈര്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 26ന് അവസാനിക്കും.









0 comments