വിദ്യാർഥികളെ വഞ്ചിച്ചു
വിജ്ഞാനോത്സവത്തിന് തടയിട്ട് കോർപറേഷൻ

തൃശൂർ
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് പതിറ്റാണ്ടുകളായി നടത്തി വരുന്ന യുറീക്ക -ശാസ്‌ത്രകേരളം വിജ്ഞാനോത്സവം തകർക്കാൻ കോർപറേഷൻ ഭരണാധികാരികളുടെ ശ്രമം. അന്ധമായ രാഷ്ട്രീയ വിരോധം കൈമുതലാക്കിയ കോർപറേഷൻ കോൺഗ്രസ് ഭരണാധികാരികൾ ഇൗ വർഷം വിജ്ഞാനോത്സവം നടത്താൻ തയ്യാറായില്ല. വിജ്ഞാനതൽപ്പരരായ വിദ്യാർഥികളെയും വഞ്ചിച്ചു. എൽഡിഎഫ്, - യുഡിഎഫ് ഭേദമെന്യേ എല്ലാ പഞ്ചായത്തുകളിലും തനത് പദ്ധതിയുടെ ഭാഗമായി പരിഷത്തിന്റെ സഹകരണത്തോടെ വിജ്ഞാനോത്സവം നടത്താറുണ്ട്. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക പ്രോജക്ടുണ്ടാക്കിയാണ് വിജ്ഞാനോത്സവം നടത്താറുള്ളത്. ഈ വർഷം വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നപ്പോൾ വിജ്ഞാനോത്സവം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സമേതം പദ്ധതിക്ക് വകയിരുത്തിയ അഞ്ചുലക്ഷംരൂപയിൽനിന്ന് ആവശ്യമായ തുക ചെലവഴിക്കാൻ കഴിയുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചിരുന്നു. സ്കൂൾ വിജ്ഞാനോത്സവത്തിന് ശേഷം കോർപറേഷൻ വിജ്ഞാനോത്സവം ചിട്ടപ്പെടുത്തുന്നതിന് പരിഷത്ത് മേഖലാ പ്രസിഡന്റ് ഡോ. ബേബി ചക്രപാണിയുടെ നേതൃത്വത്തിൽ മേയർ, ഡെപ്യൂട്ടി മേയർ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്‌സൺ തുടങ്ങിയവരെ ബന്ധപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചു. സന്ദർശനം നിഷേധിക്കുക, ഫോൺ എടുക്കാതിരിക്കുക, ഫോണെടുത്താലും കൃത്യമായ മറുപടി നല്കാതിരിക്കുക തുടങ്ങിയ സമീപനമാണ് അവർ കൈക്കൊണ്ടത്. മുൻ യുഡിഎഫ് ഭരണ കാലത്തും വിജ്ഞാനോത്സവം നടത്താറുള്ളതായി കോർപറേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ വ്യക്തമായ മറുപടി നൽകാതെ രണ്ടുമാസം നീട്ടിക്കൊണ്ടുപോയി. ഒടുവിൽ കോർപറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിജ്ഞാനോത്സവം നടത്താൻ തയ്യാറല്ലെന്ന മറുപടി വാക്കാൽ അറിയിക്കുകയായിരുന്നു. കോർപറേഷൻ പരിധിയിലെ നൂറോളം സ്കൂളുകളിൽ വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത് അടുത്തഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറിലധികം വിദ്യാർഥികളെയാണ് കോർപറേഷൻ വഞ്ചിച്ചത്. എന്നാൽ കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ പരിഷത്ത് പണം കണ്ടെത്തി ഒക്ടോബർ 17ന് വിജ്ഞാനോത്സവം നടത്തി. പങ്കെടുത്തവർക്കെല്ലാം ഉച്ചഭക്ഷണവും സർട്ടിഫിക്കറ്റും വിജയികൾക്ക് സമ്മാനങ്ങളും നൽകി. കോർപറേഷൻ ഭരണാധികാരികളുടെ വിദ്യാഭ്യാസ വിരുദ്ധ നടപടി വിദ്യാർഥികളും രക്ഷിതാക്കളും തിരിച്ചറിയണമെന്ന് പരിഷത്ത് തൃശൂർ മേഖലാ പ്രസിഡന്റ് ഡോ. ബേബി ചക്രപാണി, സെക്രട്ടറി കെ ആർ സുനിൽ എന്നിവർ പറഞ്ഞു.









0 comments