റോഡ് നിറയെ കുഴി, കൂട്ടിന് ചെളി

സൈനിക സ്കൂൾ വാർഡിലെ കുമഴിക്കര– -പുന്നാട്ട് ക്ഷേത്രം റോഡിലെ കുഴികൾ
കഴക്കൂട്ടം
സൈനിക സ്കൂൾ വാർഡിലുടനീളം നടുവൊടിക്കുന്ന കുഴികൾ. വാർഡിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലുമാണ് കുഴികളിൽ അപകടം പതിയിരിക്കുന്നത്. ചന്തവിള–പുന്നാട്ട് ക്ഷേത്രം റോഡ്, ഇലപ്പകുഴി, മടത്തുവിള, സൈനിക നഗർ, കുമഴിക്കര എന്നിവിടങ്ങളിലെ റോഡുകളിലാണ് വമ്പൻ കുഴികൾ. ചെറുതും വലുതുമായ കുഴികൾ വേറെയുമുണ്ട്. മഴ തുടങ്ങിയതോടെ കുഴികളുടെ എണ്ണവും കൂടി. കുഴികളിൽ ചെളിയും നിറഞ്ഞു. ആഴമറിയാതെ ഇരുചക്ര യാത്രികർ വീണ് അപകടം ഉണ്ടാകുന്നത് പതിവായി. കുമഴിക്കര -പുന്നാട്ട് ക്ഷേത്രം –ചന്തവിള റോഡിലൂടെ വാഹനങ്ങൾ പോകാൻ പറ്റാത്തതരത്തിലാണ് കുഴി. കിൻഫ്ര പാർക്ക്, സെന്റ് തോമസ് സ്കൂൾ, ചന്തവിള, പോത്തൻകോട്, വെഞ്ഞാറമൂട് ഭാഗത്തേക്കുള്ള പ്രധാന ഇടറോഡാണിത്. നൂറുകണക്കിന് ജീവനക്കാരും കുട്ടികളും ദിവസവും ഉപയോഗിക്കുന്ന റോഡുമാണ്. കാറുകളുടെ അടിഭാഗവും റോഡിൽ ഇടിച്ചാണ് കടന്നുപോകുന്നത്. ഉടൻ റോഡുകളിലെ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.











0 comments